ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ ഭീകരന്റെ സ്വത്ത് കണ്ടുകെട്ടി എന്‍ഐഎ. ഇന്ത്യ നിരോധിച്ച ഇന്റര്‍നാഷനല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ തലവന്‍ ലക്ബീര്‍ സിങ് സന്ധു എന്ന ‘ലന്‍ഡ’യുടെ പഞ്ചാബിലെ കൃഷിഭൂമിയാണ് കണ്ടുകെട്ടിയത്. കൊടുംഭീകരനായിരുന്ന ഭിന്ദ്രന്‍വാലയുടെ അനന്തരവനാണ് ലക്ബീര്‍. കേന്ദ്ര സര്‍ക്കാര്‍ തലയ്ക്ക് 10 ലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള ലക്ബീര്‍ സിങ് കാനഡയിലെ ആല്‍ബര്‍ട്ടയിലാണുള്ളത്.
പഞ്ചാബിലെ മോഗയിലുള്ള ലക്ബീറിന്റെ വസതിയില്‍ എന്‍ഐഎയുടെയും പഞ്ചാബ് പൊലീസിന്റെയും സംയുക്ത പരിശോധനകള്‍ക്കുശേഷമായിരുന്നു നടപടി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം പ്രത്യേക കോടതിയില്‍ നിന്ന് ഉത്തരവു നേടിയായിരുന്നു കണ്ടുകെട്ടല്‍. 1.4 ഏക്കര്‍ ഭൂമിയാണ് പിടിച്ചെടുത്തത്. ഇന്ത്യ തിരയുന്ന നിരവധി കേസുകളിലെ പ്രതിയാണ് ലക്ബീര്‍.
2021ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ പൊട്ടിത്തെറി, ആര്‍ഡിഎക്‌സ് ഉള്‍പ്പെടെയുള്ള ആയുധക്കടത്ത്, ന്യൂഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുനേരെയുണ്ടായ ആക്രമണം, പഞ്ചാബില്‍ വര്‍ഗീയവിദ്വേഷം പടര്‍ത്തിയത് തുടങ്ങി നിരവധികേസുകളില്‍ പ്രതിയാണിയാള്‍. പാക്കിസ്ഥാനില്‍ നിന്ന് ആക്രമണം ലക്ഷ്യമിട്ട് ആയുധങ്ങള്‍കടത്തിയെന്നും, ലഹരി മരുന്ന് കടത്തല്‍, ബോംബ് നിര്‍മാണം എന്നിവയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2021 മുതല്‍ 2023 വരെയായി ഇയാളുടെ ഇടപെടലുള്ള ആറു കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.