തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ കേരളാ തീരതെത്തി. വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പല്‍ ഇന്ന് രാവിലെയോടെയാണ് പുറംകടലിലെത്തിയത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് കപ്പല്‍ എത്തിയത്. 15നാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് ചൈനീസ് കപ്പലായ ഷെന്‍ ഹുവാ-15 ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് കേരള തീരത്തേക്കുള്ള യാത്ര ആരംഭിച്ചത്.
ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31ന് യാത്ര തുടങ്ങിയ കപ്പല്‍, 29നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയത്. മുന്ദ്രയിലേക്കുള്ള ക്രെയ്‌നുകള്‍ ഇറക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെയാണ് കപ്പല്‍ വിഴിഞ്ഞത്തേക്കുള്ള യാത്ര തുടങ്ങിയത്. ചൈനയില്‍നിന്നും ക്രെയിനുകളുമായാണ് ഷെന്‍ഹുവാ -15 എത്തുന്നത്. ഈ ചരക്ക് കപ്പലടക്കമുള്ളവയെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള ടഗ്ഗുകളും ദിവസങ്ങള്‍ക്ക് മുമ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയിരുന്നു.
നിര്‍മ്മാണം തുടങ്ങി എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സജ്ജമാകുന്നത്. ദുഷ്‌ക്കരമായ കടമ്പകള്‍ കടന്നാണ് പുലിമുട്ട് നിര്‍മ്മാണമടക്കം തീര്‍ത്തത്. വിഴിഞ്ഞം ഭാഗത്തെ കടലിന്റെയും തീരത്തിന്റെയും അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇവിടെയൊരു തുറമുഖം വേണമെന്ന ആഗ്രഹത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ആ ആഗ്രഹമാണിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. 2015ലാണ് തുറമുഖ നിര്‍മാണം ആരംഭിക്കുന്നത്, നിര്‍മാണം ആരംഭിച്ച് എട്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 274 മീറ്റര്‍ കണ്ടെയ്‌നര്‍ ബര്‍ത്തും. 37,080 കണ്ടെയ്‌നറുകള്‍ സൂക്ഷിക്കാനാകുന്ന കണ്ടെയ്‌നര്‍ യാര്‍ഡും വിഴിഞ്ഞത്ത് സജ്ജമാണ്. ആദ്യ ഘട്ടത്തില്‍ വേണ്ട 2960 മീറ്റര്‍ പുലിമുട്ടില്‍ 2,250 മീറ്ററിന്റെ നിര്‍മാണം പൂര്‍ത്തിയായി. പ്രകൃതി ദുരന്തങ്ങള്‍ മുതല്‍ പാറക്കല്ലുകളുടെ ക്ഷാമം വരെ, നീണ്ട പ്രതിസന്ധികള്‍ക്ക് ഒടുവിലാണ് കപ്പലടുക്കാന്‍ വിഴിഞ്ഞം സജ്ജമായിരിക്കുന്നത്.
പത്ത് മുതല്‍ 12 ടണ്‍ വരെ ഭാരമുല്‌ള അക്രോപോഡുകള്‍ ഉപയോഗിച്ചാണ് വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ പുലിമുട്ട് നിര്‍മിച്ചിരിക്കുന്നത്. ഓഖി നല്‍കിയ പാഠം ഉള്‍ക്കൊണ്ട് എത്ര കടുത്ത കടലാക്രമണത്തെയും ചെറുക്കുകയാണ് ലക്ഷ്യം. 2027ല്‍ മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വേണ്ടത് 3960 മീറ്റര്‍ പുലിമുട്ടുമാണ്. അന്ന് ആകെ 800 മീറ്റര്‍ ബര്‍ത്തും വേണം ഒരേസമയം അഞ്ച് കൂറ്റന്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാനാകുന്ന ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ തുറമുഖമാക്കി വിഴിഞ്ഞത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. ഒക്ടോബര്‍ 15ന് വൈകിട്ട് നാലുമണിക്കാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കും.