പശ്ചിമ ബംഗാള്‍ കായിക സഹമന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ഹൗറ നോര്‍ത്ത് നയമസഭാ മണ്ഡലം എംഎല്‍എയായ ശുക്ല മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് രാജിക്കത്ത് നല്കി. പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുന്നതായാണ് കത്തിലുള്ളത്. ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിനും അദ്ദേഹം രാജിക്കത്ത് അയച്ചിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് ഹൗറ സിറ്റി പ്രസിഡന്റ് പദവിയില്‍ നിന്നുള്‍പ്പെടെയാണ് രാജിവച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെയാണ് വീണ്ടും രാജിയെന്നതും ശ്രദ്ധേയമാണ്. അതേസമയം തീരുമാനം നിര്‍ഭാഗ്യകരമാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവിച്ചു.
എന്നാല്‍, രാജിയുടെ കാരണങ്ങളോ ഭാവി പദ്ധതികളോ ലക്ഷ്മി രത്തന്‍ ശുക്ല വ്യക്തമാക്കിയിട്ടില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തേ അടുത്ത ആളുകളോട് പറഞ്ഞിരുന്നു. അതേസമയം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസിന് കൃത്യമായ ഇടവേളയില്‍ വിക്കറ്റ് നഷ്ടപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു.
അതേസമയം, രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ശുക്ലയ്ക്കു അവസരം നല്കാന് പാര്‍ട്ടി തയ്യാറാണെന്നു ബിജെപി വ്യക്തമാക്കി.