ടെല്‍ അവീവ്: ഹമാസ് ഭീകരര്‍ നഗ്‌നയാക്കി ട്രക്കില്‍ കൊണ്ടുപോയ ജര്‍മന്‍ യുവതിയുടെ ക്രെഡിറ്റ് കാര്‍ഡും കവര്‍ന്നതായി റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന ഷാനി ലൂക്ക് എന്ന ജര്‍മന്‍ സ്വദേശിനിയുടെ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം നഷ്ടപ്പെട്ടെന്നാണ് യുവതിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയത്. ഗാസയിലാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതെന്ന സന്ദേശമാണ് ബാങ്കില്‍നിന്ന് ലഭിച്ചതെന്നും യുവതിയുടെ മാതാവ് പറഞ്ഞു.
ഹമാസ് സംഘം യുവതിയുടെ മൃതദേഹം നഗ്‌നയായനിലയില്‍ ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഹമാസുകാര്‍ യുവതിയുടെ പുറത്ത് കയറി ഇരിക്കുന്നതും യുവതിയുടെ ദേഹത്ത് തുപ്പുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങളിലുള്ളത് ജര്‍മന്‍ സ്വദേശിനിയായ ഷാനി ലൂക്ക് ആണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷാനി ലൂക്ക് അടക്കമുള്ളവര്‍ക്ക് നേരേ ഹമാസിന്റെ ആക്രമണമുണ്ടായത്. രൂക്ഷമായ ആക്രമണത്തില്‍ ഷാനി ലൂക്ക് കൊല്ലപ്പെട്ടെന്നും പിന്നീട് യുവതിയുടെ നഗ്‌നമായ മൃതദേഹവും പ്രദര്‍ശിപ്പിച്ച് ഹമാസ് സംഘം വാഹനത്തില്‍ തെരുവിലൂടെ സഞ്ചരിച്ചെന്നുമാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് ഷാനി ലൂക്കിന്റെ ക്രെഡിറ്റ് കാര്‍ഡും ഹമാസുകാര്‍ കൊള്ളയടിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളില്‍നിന്നാണ് ഹമാസിന്റെ വാഹനത്തിലുണ്ടായിരുന്നത് ഷാനി ലൂക്ക് ആണെന്ന് കുടുംബം തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളില്‍ യുവതിയുടെ മുഖം കാണുന്നില്ലെങ്കിലും തലമുടിയും ശരീരത്തിലെ ടാറ്റൂവും കണ്ടാണ് കുടുംബം യുവതിയെ തിരിച്ചറിഞ്ഞത്. ഇതിനുപിന്നാലെ ഷാനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ അക്കാര്യം പങ്കുവെയ്ക്കണമെന്നും കുടുംബം അഭ്യര്‍ഥിച്ചിരുന്നു.
മകളെ അബോധാവസ്ഥയില്‍ ഹമാസുകാരുടെ വാഹനത്തില്‍ കണ്ടെന്നും ഇതുവരെ ആ സംഭവങ്ങളൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നുമായിരുന്നു ഷാനിയുടെ മാതാവ് റിക്കാര്‍ഡ ലൂക്ക് മാധ്യമങ്ങളോട് പ്രതികരിച്ചത്.