CrimeNEWS

യുവതികള്‍ക്ക് ഏത് പാതിരാത്രിയിലും ‘സാധനം’ റെഡി; ഫ്രീ ടെസ്റ്റ് ഡോസ് ‘പടയപ്പ’യുടെ പ്രത്യേകത

കൊച്ചി: ടെസ്റ്റ് ഡോസ് സൗജന്യം, ആവശ്യക്കാരന് ഏത് പാതിരാത്രിയിലും ‘സാധനം’ എത്തിക്കും. ലഹരിമരുന്നായ നൈട്രോസെപാം ഗുളികള്‍ വില്പയ്ക്ക് എക്സൈസ് പിടിയിലായ ‘പടയപ്പ ബ്രദേഴ്സ്’ പ്രത്യേകതകളാണിതെല്ലാം. എറണാകുളം എളംകുളം ഐശ്വര്യ ലൈനില്‍ പണ്ടാതുരുത്തി വീട്ടില്‍ വിഷ്ണു പ്രസാദ് (29), ഏലൂര്‍ ഡിപ്പോ സ്വദേശി പുന്നക്കല്‍ വീട്ടില്‍ ടോമി ജോര്‍ജ് (35) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന രണ്ട് സ്മാര്‍ട്ട് ഫോണുകളും ടോമിയുടെ ബൈക്കും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് ഇവര്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.

ചുരുങ്ങിയ കാലംകൊണ്ടാണ് വിഷ്ണുപ്രസാദും ടോമി ജോര്‍ജും ജില്ലയിലെ ലഹരിമരുന്ന് വില്പനക്കാര്‍ക്കിടയിലെ ഏറ്റവും കുപ്രസിദ്ധരായത്. ‘പടയപ്പ ബ്രദേഴ്സ്’ എന്നകോഡിലാണ് ഇവര്‍ ഗുളികകള്‍ വിറ്റിരുന്നത്. വിഷ്ണുപ്രസാദിന്റെ കൈയില്‍ നിന്ന് 50 ഗുളികകളും ടോമിയുടെ പക്കല്‍ നിന്ന് 80 ഗുളികകളുമാണ് പിടിച്ചെടുത്തതത്. ചേരാനെല്ലൂര്‍ സിഗ്‌നലിന് പടിഞ്ഞാറ് വശത്തെ അണ്ടര്‍ പാസിന് സമീപം മയക്കുമരുന്ന് ഗുളികകള്‍ കൈമാറ്റം ചെയ്യാനെത്തിയ വിഷ്ണുവിനെയാണ് എക്സൈസ് ആദ്യം പൊക്കിയത്. മയക്കുമരുന്നുകള്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തി. ചോദ്യം ചെയ്യലിലാണ് മൊത്ത വിതരണക്കാരനായ ടോമി ജോര്‍ജിനെ കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പാതാളം ഇ.എസ്.ഐ ജംഗ്ഷന് സമീപം ആവശ്യക്കാരെ കാത്തുനില്‍ക്കുകയായിരുന്ന ടോമി ജോര്‍ജിനെയും കൈയോടെ പിടികൂടി. ഈസമയം ലഹരിയുടെ ഉന്മാദത്തിലായിരുന്നു ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Signature-ad

നഗരത്തില്‍ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ത്ഥികളും യുവതികളുമാണ് പടയപ്പ ബ്രദേഴ്സിന്റെ മുഖ്യ ഇടപാടുകാര്‍. ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി ‘ടെസ്റ്റ് ഡോസ് ‘ നല്‍കുന്നതാണ് ഇവരുടെ രീതി. ഗുളികകള്‍ കഴിച്ചാല്‍ എച്ച്.ഡി വിഷനില്‍ വിവിധ വര്‍ണ്ണങ്ങളില്‍ കാഴ്ചകള്‍ കാണാന്‍ കഴിയുമെന്നും കണ്ണുകള്‍ക്ക് കൂടുതല്‍ തെളിച്ചം കിട്ടുമെന്നും കൂടുതല്‍ സമയം ഉന്മേഷത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ആകര്‍ഷിച്ചിരുന്നത്. ചെറിയ തോതിലെ ഉപയോഗം പോലും ഉന്മാദത്തിലാഴ്ത്തുമെന്നതാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഇതില്‍ ആകൃഷ്ടരാകാന്‍ കാരണം.

ട്രിപ്ലിക്കേറ്റ് പ്രിസ്‌ക്രിപ്ഷന്‍ വഴി ലഭിക്കുന്ന നൈട്രോസെപാം ഗുളികകള്‍ സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവന്നാണ് ഇവര്‍ വില്പന നടത്തിയിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ആറ് രൂപ വിലയുള്ള ഒരു ഗുളിക 100 രൂപയ്ക്കാണ് വിറ്റിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജില്ലയില്‍ ഇത്രയും അധികം നൈട്രോസെപാം ഗുളിക പിടികൂടുന്നത്. നേരത്തെ വ്യാജ കുറിപ്പടി ഉപയോഗിച്ച് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഇത്തരം ഗുളികകള്‍ വാങ്ങുന്നത് വ്യാപകമായതോടെ എക്സൈസ് പരിശോധന കര്‍ശനമാക്കിയിരുന്നു.

 

Back to top button
error: