KeralaNEWS

കോട്ടയത്തിന് പുറമെ ഒരു സീറ്റ് കൂടി വേണം? ഈ രണ്ട് മണ്ഡലങ്ങളിലൊന്ന് ലക്ഷ്യമിട്ട് മാണി വിഭാഗം

തിരുവനന്തപുരം: കോട്ടയം ലോക്‌സഭാ സീറ്റ് ഉറപ്പിച്ചെങ്കിലും അധികമായി ഒരു സീറ്റ് കൂടി വേണമെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് എം. ഇടതു മുന്നണി പ്രവേശത്തോടെ സിറ്റിങ് സീറ്റായ കോട്ടയം ജോസ് കെ മാണി വിഭാഗം ഉറപ്പിച്ചെങ്കിലും അധികമായി ഒരു സീറ്റ് എന്ന ആവശ്യമാണ് ഇപ്പോള്‍ മുന്നോട്ടുവെക്കുന്നത്. ഇടതുമുന്നണി യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കാനാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ തീരുമാനം. കേരാളാ കോണ്‍ഗ്രസ് എമ്മിന് വേരോട്ടമുള്ള ഇടുക്കി, പത്തനംതിട്ട സീറ്റുകളിലൊന്നാണ് ആവശ്യപ്പെടാന്‍ സാധ്യത.

ഇടുക്കി, പത്തനംതിട്ട, വടകര സീറ്റുകളിലൊന്ന് അധികമായി ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് എം നീക്കമെന്ന റിപ്പോര്‍ട്ട് മുന്‍പ് പുറത്തുവന്നിരുന്നു. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളിലെ പ്രധാനിയും മലബാറില്‍ നിന്നുള്ള പ്രധാന നേതാവുമായ മുഹമ്മദ് ഇക്ബാലിനായാണ് വടകര സീറ്റില്‍ കേരളാ കോണ്‍ഗ്രസ് എം നോട്ടമിട്ടിരുന്നത്. എന്നാല്‍, വടകര ഒഴിവാക്കി ഇടുക്കി അല്ലെങ്കില്‍ പത്തനംതിട്ട സീറ്റ് എന്ന ആവശ്യത്തിലേക്കാണ് പാര്‍ട്ടി നീങ്ങുന്നത്. ലോക്‌സഭാ മണ്ഡല പരിധിയിലെ ഈ നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് എംഎല്‍എമാരുള്ളതും ക്രൈസ്തവ വോട്ടുകള്‍ ധാരാളമുള്ളതുമാണ് കേരളാ കോണ്‍ഗ്രസിനെ ഈ സീറ്റുകളിലേക്ക് കണ്ണുവെക്കാന്‍ പ്രേരിപ്പിക്കുന്നത്.

Signature-ad

കോട്ടയത്തിന് പുറമേ ഒരു സീറ്റ് എന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തോട് സിപിഎം സ്വീകരിക്കുന്ന നിലപാട് എന്താകുമെന്ന് വ്യക്തമല്ല. ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന സാചര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് സിപിഎം തയ്യാറാകാനുള്ള സാധ്യത കൂടുതലാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കിയത് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കരുത്തിലാണ്. അതിനാല്‍ തന്നെ അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. അധിക സീറ്റ് ലഭിച്ചാല്‍ ആരാകും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെങ്കിലും സിറ്റിങ് സീറ്റായ കോട്ടയത്ത് അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ തോമസ് ചാഴിക്കാടന്‍ തന്നെയാകും സ്ഥാനാര്‍ഥിയാകുക. എംപി ഫണ്ട് ചെലവഴിച്ചവരില്‍ ഒന്നാമന്‍ എന്ന് വ്യക്തമാക്കുന്ന ചാഴിക്കാടന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കോട്ടയം മണ്ഡലത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു.

Back to top button
error: