കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ആര്‍എസ്പി കടന്നു. സിറ്റിങ എം.പി എന്‍.കെ. പ്രേമചന്ദ്രന് തന്നെ കൊല്ലത്ത് മത്സരിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രേമചന്ദ്രന് ഇത് സ്ഥിരീകരിക്കുകയും ചെയ്തു. മത്സരരംഗത്തേക്ക് പ്രേമചന്ദ്രന് ചുവട് വെച്ചെങ്കിലും കോണ്‍ഗ്രസിലെ സംഘടനാ ദൗര്‍ബല്യവും ഗ്രൂപ്പ് പടലപിണക്കങ്ങളും പരിഹരിക്കാന്‍ നിലവിലെ ഡിസിസി പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന് കഴിയുന്നില്ല.
ബ്ലോക്ക് ഭാരവാഹികളെ നിയമിച്ചത് മുതല്‍ മണ്ഡലം ഭാരവാഹികളെ നിയമിക്കുന്നതില്‍ വരെ തര്‍ക്കങ്ങളും ചേരിതിരിവുകളും പാര്‍ട്ടിക്കുള്ളിലുണ്ട്. കൊല്ലത്തെ ഏഴ് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഇതാണ് അവസ്ഥ. കൊല്ലം, ചവറ, കുണ്ടറ, ഇരവിപുരം, ചാത്തന്നൂര്‍, പുനലൂര്‍, ചടയമംഗലം എന്നീ മണ്ഡലങ്ങളില്‍ കൊല്ലം, കുണ്ടറ, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചത് ഏക പക്ഷീയമാണെന്ന് പറഞ്ഞ് സജീവപ്രവര്‍ത്തകര്‍ പോലും സംഘടനാ രംഗത്തുനിന്ന് മാറി നില്ക്കുന്നു.
മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കാനും ജില്ലയിലെ പാര്‍ട്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നിയന്ത്രണം നല്‍കേണ്ട ബൂത്ത് പ്രസിഡന്റുമാരെ പോലും കണ്ടെത്താനായിട്ടില്ല. ഇതൊക്കെ ആര്‍എസ്പിക്കുള്ളിലും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്.
മുന്നണിയിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസ്, ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളില്‍ ഗൗരവകരമായി കണ്ട് ഇടപെടുമെന്നാണ് ആര്‍എസ്പിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രന് വിജയിച്ചത്. ഇത്തവണത്തെ സാഹചര്യവും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ആര്‍എസ്പി.
കൊല്ലം ജില്ലയിലെ പടലപിണക്കങ്ങളെ തുടര്‍ന്ന് പരാതി മുന്നണി നേതൃത്വത്തിന് മുന്നിലേക്ക് എത്തിക്കുമെന്ന സൂചനയാണ് ആര്‍എസ്പി നല്‍കുന്നത്. ജില്ലയില്‍ ആര്‍എസ്പി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മുന്നോട്ടുപോകുകയാണ്. പ്രേമചന്ദ്രന്റെ വികസന പ്രവര്‍ത്തനങ്ങളുടെ കണക്ക് പറഞ്ഞാണ് വോട്ടര്‍മാരിലേക്ക് എത്തുന്നത്. ആര്‍എസ്പിയുടെ ഭവന സന്ദര്‍ശനം പല മണ്ഡലങ്ങളിലും പുരോഗമിച്ച് വരികയാണ്. ഷിബു ബേബി ജോണ്‍ സംസ്ഥാന സെക്രട്ടറിയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.