കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ ബീച്ച് റോഡില്‍ കോര്‍പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. പ്രദേശത്തൊന്നാകെ പുകയും ദുര്‍ഗന്ധവും നിറഞ്ഞു. വരയ്ക്കലിനു സമീപം തീരദേശ റോഡിലാണ് മാലിന്യ സംസ്കരണ കേന്ദ്രം.
അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റ് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. അതിനിടെ, മാലിന്യകേന്ദ്രത്തിലെ മാലിന്യം ടിപ്പര്‍ലോറിയില്‍ കയറ്റി വിവിധ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തൊട്ടടുത്ത ശാന്തിനഗര്‍ കോളനിയില്‍ മാലിന്യം കൊണ്ടുവന്നു തള്ളാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തി.
ഇവിടെ ആറാം തവണയാണ് തീപിടിത്തമുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്രയും വലിയ തീപിടിത്തം ഇതാദ്യമായാണ്. അജൈവ മാലിന്യമാണ് ഇവിടെ സംഭരിക്കുന്നത്. ദിവസം അഞ്ചു ലോഡ് മാലിന്യം കൊണ്ടുവന്നു തള്ളുമ്പോള്‍ ഒരു ലോഡാണ് കൊണ്ടുപോകാറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കരസേനയുടെ അഗ്നിരക്ഷാ വാഹനമടക്കം സ്ഥലത്തുണ്ട്. അഗ്നിരക്ഷാസേനയുടെ ആറു യൂണിറ്റുകളും ഇവിടെയുണ്ട്. മേയര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി.