KeralaNEWS

പരിശീലനം നേടിയ 32,926 പേർ, ദിവസം 4000 രൂപവരെ വരുമാനവും, അഞ്ചുലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്; എന്നിട്ടും തെങ്ങു കയറാന്‍ ആളെ കിട്ടാനില്ലെന്ന് നാളികേര വികസന ബോര്‍ഡ്

കൊച്ചി: സംസ്ഥാനത്ത് തെങ്ങു കയറാൻ പരിശീലനം നേടിയ 32,926 പേരുണ്ടായിട്ടും ആളെ കിട്ടാനില്ലെന്ന് നാളികേര വികസന ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ മിനി മാത്യു. 2011ൽ ആരംഭിച്ച പദ്ധതി പ്രകാരമാണ് ഇത്രയും പേർക്ക് സൗജന്യ പരിശീലനം നൽകിയത്. തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി നൽകി. 94 രൂപ വാർഷിക പ്രീമിയത്തിൽ ഓരോരുത്തർക്കും അഞ്ചുലക്ഷത്തിന്റെ അപകട, മരണ ഇൻഷുറൻസും ഏർപ്പെടുത്തി. ദിവസം 4000 രൂപവരെ വരുമാനവും ഉറപ്പാക്കി. എന്നിട്ടും തെങ്ങു കയറാൻ ആവശ്യത്തിന് ആളെ കിട്ടാനില്ലെന്ന് മിനി മാത്യു പറഞ്ഞു.

‘സംസ്ഥാനത്ത് ഒരു പഞ്ചായത്തിൽ 10 തെങ്ങു കയറ്റക്കാരെയെങ്കിലും ആവശ്യമുണ്ടെന്നാണ് കണക്ക്. ആകെ 10,000 പേർ എന്നു കണക്കാക്കിയാൽ പോലും നിലവിലെ ആവശ്യകതയുടെ പത്തിലൊന്നു പേരെ പ്പോലും ലഭിക്കുന്നില്ല. നല്ല വരുമാനമുള്ള സ്ഥിര ജോലിയായിട്ടും ആരും വരുന്നുമില്ല.’ ഈ സാഹചര്യത്തിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തെ ഒരു കുടക്കീഴിൽ സംഘടിപ്പിച്ച് അവരുടെ സേവനം ആവശ്യക്കാർക്കെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോൾ സെന്റർ തുടങ്ങാൻ തീരുമാനിച്ചതായി മിനി മാത്യു പറഞ്ഞു.

Signature-ad

കോൾ സെന്റർ അടുത്ത മാസം

സംസ്ഥാനത്തെ നാളികേര കർഷകർക്ക് ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ട’ത്തിന്റെ സേവനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന കോൾ സെന്റർ കൊച്ചി കേന്ദ്രീകരിച്ച് നവംബറിൽ ആരംഭിക്കും. തെങ്ങു കയറ്റ പരിശീലനം നേടിയ 1552 പേർ ഇതിനകം കോൾ സെന്ററിൽ പേര് രജിസ്റ്റർ ചെയ്തു. ഇവരുടെ സേവനം ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിൽ ലഭ്യമാക്കും. സംസ്ഥാനത്തുള്ള 700 പേർക്ക് പുറമെ 275 പേർ തമിഴ്നാട്ടിൽ നിന്നും 227 പേർ ആന്ധ്രയിൽ നിന്നും 350 പേർ കർണാടകയിൽ നിന്നുമുള്ളവരാണ്. പ്രവർത്തനങ്ങൾ ആഴ്ചതോറും പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും. 0484 2377266 എന്ന നമ്പരിലാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. സേവനസന്നദ്ധരായ മറ്റുള്ളവർക്കും ഇതിൽ പങ്കാളിയാകാം. അതിനായി പേര്, വിലാസം, ബ്ലോക്ക്/പഞ്ചായത്ത്, ഫോൺ നമ്പർ എന്നിവ 8848061240 എന്ന വാട്സ് ആപ് നമ്പറിലേക്ക് അയക്കണം.

Back to top button
error: