ന്യൂനതകൾ ഇല്ലാത്തയാളല്ല, സ്വന്തം കുറവുകൾ തിരുത്താന്‍ തയ്യാറാകുന്ന ആളാണ് വിശുദ്ധന്‍
വെളിച്ചം
സ്വന്തം ശിഷ്യരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സോക്രട്ടീസിന്റെ അടുത്ത് എത്തിയ ജ്യോത്സ്യന്‍ പറഞ്ഞു:
“എനിക്ക് മുഖം നോക്കി സ്വഭാവം പറയാന്‍ ആകും. താങ്കളുടെ മൂക്ക് നോക്കിയാല്‍ മനസ്സിലാകും താങ്കള്‍ വലിയ ദേഷ്യക്കാരനാണെന്ന്. തലയുടെ ആകൃതി താങ്കളുടെ അത്യാഗ്രഹത്തെ വെളിപ്പെടുത്തുന്നു. കവിളുകള്‍ നിരീക്ഷിച്ചാല്‍ താങ്കള്‍ താന്തോന്നിയാണെന്ന് മനസ്സിലാകും. ചുണ്ടുകളും പല്ലുകളും താങ്കളുടെ വിമത സ്വഭാവം വ്യക്തമാക്കുന്നു.”
ഇതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ ജ്യോത്സന് പ്രതിഫലവും നല്‍കിയാണ് സോക്രട്ടീസ് അയാളെ യാത്രയാക്കിയത്.
‘ഇത്രയേറെ കുറ്റങ്ങള്‍ മുഖത്ത് നോക്കി പറഞ്ഞിട്ടും നിശ്ശബ്ദനായതെന്ത്’ എന്ന് ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ സോക്രട്ടീസ് പറഞ്ഞു:
“അയാള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ശരിയാണ്.. പക്ഷേ, അയാള്‍ ഒരു കാര്യം വിട്ടുപോയി, ഈ പോരായ്മകളെ നിയന്ത്രിക്കാനും തിരുത്താനുമുള്ള ആത്മശക്തി എനിക്കുണ്ട് എന്ന കാര്യം.”
പരിപൂര്‍ണ്ണത എന്നത് ഒരു സാങ്കല്‍പിക പദമാണ്. എല്ലാവരിലും എന്തിന്റെയെങ്കിലും കുറവുണ്ടാകും. അധികമാര്‍ക്കുമറിയാത്ത ചില പോരായ്മകളുമുണ്ടാകും. ഒരു ന്യൂനതയും ഇല്ലാത്തയാളല്ല വിശുദ്ധന്‍. സ്വന്തം കുറവുകളെ തിരുത്താന്‍ തയ്യാറാകുന്ന ആളാണ്. തനിക്കും തെറ്റു പറ്റും എന്ന യാഥാര്‍ത്ഥ്യബോധം അവര്‍ക്കുണ്ട്. തനിക്ക് നേരെ വിരല്‍ ചൂണ്ടുന്നവരോട് അവര്‍ക്ക് പകയില്ല. ആരും പരിപൂര്‍ണ്ണരല്ല, എന്നയാഥാര്‍ത്ഥ്യബോധത്തോടെ നമുക്കും മുന്നോട്ട് പോകാം.
ശുഭദിനം
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ