BusinessTRENDING

ആ സമയവും അവസാനിച്ചു! കള്ളപ്പണത്തിന്‍റെ അന്തകനാകാനെത്തിയ 2000ന് അകാല ചരമം; ഇനി 2000 മാറാൻ കേരളത്തിൽ ഒരേ ഒരു വഴി മാത്രം

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച രണ്ടായിരം രൂപയുടെ നോട്ടുകൾ രാജ്യത്തെ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള സമയ പരിധി അവസാനിച്ചു. പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് ആർ ബി ഐയിൽ നിന്നും ഇന്ന് ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ടുകൾ. ഇന്ന് എത്ര 2000 നോട്ടുകൾ തിരിച്ചെത്തി എന്നത് പരിശോധിക്കുമ്പോൾ കണക്കുകളിൽ മാറ്റമുണ്ടായേക്കും. 3.43 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഇതിനോടകം തിരിച്ചെത്തിയെന്നും പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നുമാണ് ആർ ബി ഐ ഇന്ന് അറിയിച്ചത്.

2000 മാറാൻ കേരളത്തിൻ ഇനി ഒരേ ഒരു വഴി

ഇനി മുതൽ രാജ്യത്തെ 19 ആർബിഐ ഇഷ്യു ഓഫീസുകളിലൂടെ മാത്രമേ 2000 നോട്ടുകൾ മാറിയെടുക്കാനാകൂ. ഇതിനായി രേഖകളടക്കം സമർപ്പിക്കേണ്ടിവരും. കേരളത്തിലാകട്ടെ ഇനി 2000 നോട്ടുകൾ മാറിയെടുക്കാൻ ഒരേ ഒരു വഴി മാത്രമാണ് ഉള്ളത്. തിരുവനന്തപുരത്തെ ആർബിഐ ഇഷ്യൂ ഓഫീസിലെത്തിയാൽ മാത്രമേ ശേഷിക്കുന്ന 2000 നോട്ടുകൾ മാറിയടുക്കാനാകു. മെയ് 19 നാണ് രണ്ടായിരം രൂപയുടെ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ആർബിഐ പ്രഖ്യാപിച്ചത്. മാറിയെടുക്കാൻ സമയം പ്രഖ്യാപിച്ചുകൊണ്ടാണ് 2000 നോട്ടുകൾ പിൻവലിക്കുന്നതായി ആ‍ർബിഐ അറിയിച്ചത്. ഈ സമയപരിധി നേരത്തെ നീട്ടി നൽകിയതാണ് ഇന്നലെ അവസാനിച്ചത്.

കള്ളപ്പണത്തിന്റെ അന്തകനാകുമെന്ന പ്രഖ്യാപനത്തോടെയെത്തിയ 2000 രൂപ നോട്ടാണ് അകാല ചരമമടഞ്ഞ് വിടവാങ്ങുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ കറൻസികളിൽ ഇത്രയേറെ പബ്ലിസിറ്റി കിട്ടിയ മറ്റൊരു നോട്ടുമില്ലെന്നതാണ് വാസ്തവം. 2016 നവംബർ എട്ടിലെ പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിനൊപ്പമാണ് 2000 നോട്ടുകൾ പിറവിയെടുത്തത്. എന്നാൽ അകാല ചരമം പ്രാപിക്കാനായിരുന്നു 2000 നോട്ടിൻറെ വിധി. 2016 ൽ പുറത്തിറക്കിയ നോട്ടിന്റെ അച്ചടി പിന്നീട് ആർ ബി ഐ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ മെയ് 19 ന് രണ്ടായിരം രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി ആർ ബി ഐ അറിയിച്ചത്.

Back to top button
error: