പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസിൽ കേരളത്തിലും പരിശോധന നടത്തി ദില്ലി പൊലീസ്. ന്യൂസ് ക്ലിക്ക് മുൻജീവനക്കാരിയായ പത്തനംതിട്ട കൊടുമൺ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ദില്ലി പൊലീസ് പരിശോധനക്കെത്തിയത്. മൊബൈൽ ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാന പൊലീസിൽ നിന്നും ലഭിച്ച വിവരമനുസരിച്ച്, മുൻ വീഡിയോഗ്രാഫറാണ് അനുഷ പോൾ. അടുത്ത കാലത്താണ് ഇവർ പത്തനംതിട്ടയിൽ എത്തിയത്. ഇവരുടെ മൊഴിയെടുത്തതിന് ശേഷം ദില്ലി പൊലീസ് മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു.
ഇവർ അടുത്ത കാലത്താണ് പത്തനെതിട്ടയിൽ സ്ഥിരതാമസമാക്കിയത്. ജില്ലാ പൊലീസ് മേധാവിയെ മാത്രം അറിയിച്ചാണ് പ്രത്യേക അന്വേഷണ സംഘം എത്തിയത്. അനുഷയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പരിശോധനയുടെ ഭാഗമായി മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തത്. നടപടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ദില്ലി പൊലീസ് സംസ്ഥാന പൊലീസിനോട് പങ്കുെവെച്ചിട്ടില്ല.
അതേ സമയം, യുഎപിഎ കേസിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫിൻറെയും എച്ച് ആർ മേധാവിയുടെയും അറസ്റ്റിൻറെ കാരണം റിമാൻഡ് അപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. എഫ്ഐആർ റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിൻറെ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. 2019ലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർകായസ്ത ഗൂഢാലോചന നടത്തിയെന്നതടക്കം എഫ്ഐഐറിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
115 കോടി രൂപയുടെ ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്നതടക്കം ഇഡി ഉന്നയിച്ച ആരോപണങ്ങൾ അതേ പടി പകർത്തിയ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർകായസ്തയും എച്ച് ആർ മേധാവി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹർജിക്കാർ കാരണം വ്യക്തമാക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും കോടതിയെ അറിയിച്ചു. ആരോപണങ്ങളിന്മേൽ മുൻപ് ചോദ്യം ചെയ്യാൻ പോലും പുർകായസ്തയെ വിളിപ്പിച്ചിട്ടില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയെ അറിയിച്ചു.
എഫ്ഐആറിലും റിമാൻഡ് അപേക്ഷയിലുമുള്ള കാര്യങ്ങൾ കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്നും മറുപടി തിങ്കളാഴ്ച നൽകാമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിൽ അറസ്റ്റിൻറെ കാരണം വെളിവാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ദില്ലി പോലീസിനോട് റിപ്പോർട്ട് തേടി. കേസ് ഡയറി ഹാജരാക്കാമെന്ന് സോളിസിറ്റർ ജനറൽ മറുപടി നൽകി. തുടർന്ന് തിങ്കളാഴ്ച ആദ്യ ഇനമായി കേസ് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
അതേ സമയം പീപ്പിൾസ് അലയെൻസ് ഫോർ ഡെമോക്രമസി ആൻറ് സെക്കുലറിസം എന്ന സംഘടനയുമായി ചേർന്ന് പുർകായസ്ത തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് ദില്ലി പോലീസിൻറെ എഫ്ഐആറിലെ മറ്റൊരാരോപണം. സർക്കാരിൻറെ പദ്ധതികളെയും വികസന പ്രവർത്തനങ്ങളെയും ചൈനീസ് അജണ്ടയുടെ ഭാഗമായി മോശമായി ചിത്രീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തെറ്റായ റിപ്പോർട്ടുകളിലൂടെ തുരങ്കം വച്ചു. വിദേശ ഫണ്ട് ഉപയോഗിച്ച് കർഷക സമരത്തെ പിന്തുണച്ച് സർക്കാരിനെതിരെ പ്രവർത്തിച്ചു. ന്യൂസ് ക്ലിക്കിൻറെ ഓഹരി ഉടമ കൂടിയായ ഗൗതം നവ് ലാഖയ്ക്ക് പാക് ചാര സംഘടനയുടെ ഏജൻറ് ഗുലാം നബി ഫായിയുമായി അടുത്ത ബന്ധമുണ്ടെന്നും എഫ്ഐആർ ആരോപിക്കുന്നു.