ന്യൂഡൽഹി: അകാരണമായി അര മണിക്കൂർ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിയേണ്ടി വന്ന വ്യക്തിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ഡൽഹി പൊലീസിനെതിരായ കേസിൽ ഡൽഹി ഹൈക്കോടതിയുടേതാണ് വിധി. പൊതുജനങ്ങളെ പൊലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്ന രീതി ഞെട്ടിക്കുന്നതാണെന്നത് ഉൾപ്പെടെ ഗുരുതരമായ വിമർശനങ്ങളും വിധിന്യായത്തിൽ ഉണ്ട്.
കുറ്റക്കാരായ പൊലീസുകാർക്ക് വ്യക്തമായ സന്ദേശം നൽകുന്നതിന് വേണ്ടി നഷ്ടപരിഹാരത്തുക അവരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ വിധിയിൽ പറയുന്നു. പരാതിക്കാരന്റെ വ്യക്തിസ്വാതന്ത്ര്യം മാനിക്കാതെയും യാതൊരു തരത്തിലുള്ള വീണ്ടുവിചാരമില്ലാതെയും ഉദ്യോഗസ്ഥർ പെരുമാറി. നിയമപ്രകാരം പാലിക്കേണ്ട ഒരു നടപടിക്രമവും പാലിക്കാതെ പരാതിക്കാരനെ നിസാരമായി പിടിച്ചുകൊണ്ടുവന്ന് യാതൊരു കാരണവും കൂടാതെ ലോക്കപ്പിൽ അടയ്ക്കുകയായിരുന്നു. ലോക്കപ്പിൽ കഴിയേണ്ടി വന്ന സമയം ചെറുതാണെന്നത് കൊണ്ട് നിയമപ്രകാരമുള്ള നടപടികൾ പാലിക്കാതെ അയാളുടെ വ്യക്തി സ്വാതന്ത്ര്യം അൽപനേരമെങ്കിലും ഹനിച്ച പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടാനാവില്ലെന്നും ഒക്ടോബർ അഞ്ചാം തീയ്യതി പുറപ്പെടുവിച്ച കോടതി വിധിയിലുണ്ട്.
പൊലീസുകാർക്ക് സ്വന്തം നിലയിൽ നിയമമായി മാറാനാവില്ലെന്ന വ്യക്തമായ സന്ദേശം ഉദ്യോഗസ്ഥർക്ക് നൽകണമെന്നാണ് കോടതിയുടെ അഭിപ്രായം. അര മണിക്കൂർ നേരത്തേക്ക് മാത്രമാണ് നിയമവിരുദ്ധ തടങ്കൽ സംഭവിച്ചതെങ്കിലും അയാൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകണം. ഈ തുക കേസിലെ നാലും അഞ്ചും പ്രതികളായ പൊലീസുകാരിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഒരു പച്ചക്കറി കച്ചവടക്കാരനും സ്ത്രീയും തമ്മിലുള്ള അടിപിടിയെക്കുറിച്ചുള്ള പരാതിയുടെ പേരിലാണ് തന്നെ നിയമവിരുദ്ധമായി ലോക്കപ്പിൽ ഇട്ടതെന്ന് പരാതിക്കാരൻ ആരോപിച്ചു. ഇയാളുടെ അറസ്റ്റ് പോലും രേഖപ്പെടുത്താതെയായിരുന്നു ഇത്.