IndiaNEWS

കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടികൾ ശക്തമാക്കാന്‍ കേന്ദ്ര സർക്കാര്‍; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ കേസുകളിൽ കടുത്ത നടപടിയെടുക്കാന്‍ നീക്കം

ദില്ലി: കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ. പ്രതിപക്ഷ പാർട്ടികൾക്കെതിരായ കേസുകളിൽ കടുത്ത നടപടിയെടുക്കാൻ കേന്ദ്രം രാഷ്ട്രീയ തീരുമാനമെടുത്തതായി സൂചന. വരും ദിവസങ്ങളിൽ പശ്ചിമ ബംഗാളിലടക്കം കൂടുതൽ സംസ്ഥാനങ്ങളിൽ റെയ്ഡുകൾ ഉണ്ടാകുമെന്ന സൂചനയാണ് അന്വേഷണ ഏജൻസികൾ നൽകുന്നത്. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമ ബംഗാളിലെ അഭിഷേക് ബാനർജി എംപി എന്നിവർക്കെതിരായ കേസുകളിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി തീരുമാനിച്ചിരിക്കുകയാണ്.

അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗിനെ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. സഞ്ജയ് സിം​ഗിന്റെ കൂട്ടാളികൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതി ദിനേഷ് അറോറ കൂട്ടാളികൾ വഴി രണ്ട് കോടി രൂപ സിംഗിന് നൽകിയെന്നാണ് ഇഡി കണ്ടെത്തൽ. ഇതിൻറെ അടിസ്ഥാനത്തിലാണ് മൂന്ന് കൂട്ടാളികൾക്ക് കൂടി നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഇഡി വൃത്തങ്ങൾ സൂചിപ്പിച്ചു.

Signature-ad

അതേസമയം കേന്ദ്ര ഏജൻസികൾക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ സംയുക്ത പ്രസ്താവന വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ആംആദ്മി പാർട്ടി. മുൻ മന്ത്രിമാ‍‍ർക്ക് പിന്നാലെ എംപിയായ സഞ്ജയ് സിം​ഗിനെതിരെയും ഇഡി നീക്കം കടുപ്പിച്ചതോടെയാണ് അന്വേഷണ ഏജൻസികൾക്കെതിരെ സംയുക്ത പ്രസ്താവന വേണമെന്ന് എഎപി നിലപാടെടുക്കുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നായിരുന്നു ഇന്ത്യ മുന്നണിയിലെ ധാരണ. എന്നാൽ കോൺഗ്രസ് നിലപാട് വൈകിയത് മൂലം ഇതുവരെ പൊതുപ്രസ്താവന ഇറങ്ങിയിട്ടില്ല. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നടത്തിയ പ്രതികരണത്തിൽ ആംആദ്മി പാർട്ടി തൃപ്തരുമല്ല.

Back to top button
error: