NEWSWorld

ഇറാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തര പോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക് സമാധാന നൊബേൽ പുരസ്കാരം

ഓസ് ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവർത്തക നർഗസ് സഫിയ മുഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. ഇറാൻ ഭരണകൂടത്തിൻറെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരായ പോരാട്ടങ്ങളുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നർഗസ് സഫിയ മുഹമ്മദി ജയിലിൽ വെച്ചാണ് പുരസ്കാര വാർത്ത അറിഞ്ഞത്.

മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നർഗസ് സഫിയ മുഹമ്മദി. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലുമില്ലാതെ 31വർഷത്തെ ജയിൽ ശിക്ഷയാണ് നർഗസ് സഫിയ മുഹമ്മദിക്ക് വിധിച്ചിരുന്നത്.

Signature-ad

മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം ഇറാനിൽ ശക്തമായി നിലനിൽക്കുന്നതിനിടെയാണ് ഇത്തവണത്തെ സമാധാന നൊബേൽ പുരസ്കാരം ഇറാനിലേക്കെത്തുന്നത്. മുൻ വർഷങ്ങളിലും മനുഷ്യാവകാശങ്ങൾക്കായി വിവിധ ഭരണകൂടങ്ങളോട് ഏറ്റുമുട്ടി ജയിൽവാസം അനുഭവിക്കുന്നവർക്ക് നോബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിൻറെ പേരിൽ പെൺകുട്ടിയെ ഇറാൻറെ മത പൊലീസ് ക്രൂരമായി മർദ്ദിച്ചിരുന്നു.

അതിനെതുടർന്നുള്ള പ്രക്ഷോഭങ്ങൾ ഇപ്പോഴും ഇറാനിൽ കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞയാഴ്ചയും ശിരോവസ്ത്രം ധരിക്കാത്തതിൻറെ പേരിൽ സ്ത്രീയെ ഇറാനിലെ മതപൊലീസ് ക്രൂരമായി മർദ്ദിച്ചു. അതിനെതുടർന്നുള്ള പ്രക്ഷോഭം തുടരുന്നതിനിടെയാണ് ഇറാനിൽ ഏറെക്കാലമായി മനുഷ്യവകാശങ്ങൾക്കായി പോരാടുന്ന നർഗസ് സഫിയ മുഹമ്മദിയെ തേടി സമാധാന നൊബേൽ പുരസ്കാരമെത്തുന്നത്.

Back to top button
error: