അനിൽ.. ഇത് ഞാൻ ആണ് പ്രവീൺ ഇറവങ്കര.നിന്നെ ഓർക്കുമ്പോൾ ഒരു ഇഷ്ടിക ചൂടാടോ എനിക്ക് ഓർമ്മ വരുന്നത്.അന്ന് നീ ടി കെ എം മെമ്മോറിയൽ കോളേജിൽ പഠിക്കുന്ന കാലം.ഞാൻ പന്തളം എൻ എസ് എസിലും.
തെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ്.ഞങ്ങൾ നിന്റെ കോളേജിൽ വിദ്യാർത്ഥി രാഷ്ട്രീയ ക്വട്ടേഷനുമായി വന്നതാണ്.ഞങ്ങളുടെ ഗാങ്ങിനെ ഒരു സംഘം “ചോര വീണ ചെങ്കൊടി “ക്കാർ ഓടിക്കുമ്പോൾ നിന്നെ ഞാനന്ന് കണ്ടു.കാരണം ഇഷ്ടിക എടുത്ത് എന്റെ നടുവിൽ എറിഞ്ഞത് നീയായിരുന്നല്ലോ!
ആ താടിക്കാരനെ ഞാൻ മറന്നിരുന്നില്ല.പിന്നെ നിന്നെ കണ്ടത് പൂണെ ഹോസ്റ്റലിൽ വച്ചായിരുന്നു.കണക്കു തീർക്കാൻ വന്നോ എന്ന് ആ പാതിരാത്രി ഞാൻ കരുതി.പക്ഷെ നീ കെട്ടിപ്പിടിച്ചു വിതുമ്പുകയായിരുന്നു.അന്നാദ്യമായി “അളിയാ “എന്ന് നീ വിളിച്ചു.
നിനക്കെന്നും കവിതയുടെ മണമായിരുന്നെടോ.നീ പാടിയ കവിതകൾ…
നമ്മൾ ഒരുമിച്ചപ്പോൾ ആയിരുന്നു നിന്റെ ആദ്യ സിനിമാ ഗാനം.. പൂർത്തിയാവാതെ പോയ സിനിമ.
അനിൽ നീയെറിഞ്ഞ ആ ഇഷ്ടികയുടെ ആഘാതം പണ്ടെനിക്ക് വേദന ആയിരുന്നു.ഇന്നിപ്പോൾ മധുര നൊമ്പരവും.ഋതുക്കൾ തോറും അതെന്നെ വേട്ടയാടും.. അല്ല എല്ലാ കാലത്തും നീയെന്നെ വേട്ടയാടുക ആയിരുന്നല്ലോ സഹോദര..
പ്രവീൺ