ഇടവമാസ പെരുമഴ പെയ്താതാരാവിൽ തെരുവിന്ന് കൂട്ടായിരുന്ന പെൺകുട്ടിയുടെ ഹൃദയ വ്യഥകൾ പാടിയ അനിൽ പനച്ചൂരാൻ്റെ ഭൗതിക ശരീരം നൂറുകണക്കിന്നു ജനസഞ്ചയത്തെ സാക്ഷിയാക്കി പെരുമഴ നിർത്താതെ പെയ്ത ധനുമാസ സന്ധ്യയിൽ ചിതയിലേക്ക് …
കായംകുളത്തെ, ഗോവിന്ദ മുട്ടത്തെ കുടുംബ വീടിൻ്റെ വളപ്പിലാണ് കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സംസ്ക്കരച്ചടങ്ങു നടന്നത്.
അനിൽ പനച്ചൂരാൻ എന്ന കവിയുടെ വളർച്ച പഥങ്ങളിൽ തണൽ ആയി നിന്നത് ഓണാട്ടുകര എന്ന നാട്ടുപ്രദേശവും നാട്ടുകാരുമായിരുന്നു.
കരുനാഗപ്പള്ളിയിലും കവിക്ക് ഒരു വീടുണ്ടായിരുന്നു. നഗരസഭ പത്തൊൻപതാം ഡിവിഷനിൽ കേശവപുരത്ത്, പള്ളിക്ക’ലാറിൻ്റെ തീരത്ത് 35 സെൻ്റ് ഭൂമിയിലുള്ള ഈ വീടിനെ കവി ഏറെ സനേഹിച്ചു.
ഈ വീട്ടിലിരുന്ന് പ്രശസ്തമായ ഒട്ടേറെ കവിതകൾ രചിച്ചിട്ടുണ്ട്. കായലും, തെങ്ങും തോപ്പും, കായൽക്കാറ്റും കവിയുടെ ഭാവനക്ക് ചിറക് വിടർത്തി. അതുകൊണ്ട് തന്നെ ഒഴിവ് കിട്ടുന്ന നേരങ്ങളിൽ അദ്ദേഹം ഇവിടെ ഓടിയെത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഈ നാട്ടുകാരിൽ മുതിർന്നവരെ പനച്ചൂരാൻ അക്കച്ചിയെന്നും, ചേട്ടൻ എന്നുമാണ് സംബോധന ചെയ്തിരുന്നത്.രണ്ട് ദിവസങ്ങൾക്ക് മുമ്പും ഇവിടെ വന്നിരുന്നെന്ന് പ്രദേശവാസിയും കവിയുടെ സുഹൃത്തുമായ ദിലിപ് പറഞ്ഞു.
പുതിയ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയത് ഇവിടെ ഇരുന്നു കൊണ്ടാണ്.
അനിൽ പനച്ചൂരാൻ ഈ വീട്ടിൽ എത്തിയെന്നറിഞ്ഞാൽ പ്രായവിത്യാസം മറന്ന് പ്രദേശവാസികൾ ഇവിടെ ഓടി എത്തും. സൗഹൃദം കവിയുടെ ദൗർബല്യമായിരുന്നു.
അനിൽ പനച്ചൂരാൻ ചലച്ചിത്ര ഗാനരംഗത്ത് എത്തുന്നതിനും വർഷങ്ങൾക്ക് മുമ്പ്, 2000 ൽ ‘വലയിൽ വീണ കിളികൾ’ എന്ന കവിതയുടെ കാസറ്റ് കരുനാഗപ്പള്ളി അർജൻ്റ് ആഡിയോസിലെ ചന്ദ്ര ദാസാണ് വിതരണം ചെയ്തത്. ഈ കാസറ്റ് വിപണിയിൽ വൻ ഹിറ്റായിരുന്നു.
കവിയുടെ വേർപാട് കേശവപുരം ഗ്രാമത്തെയും ദു:ഖത്തിലാഴ്ത്തി.ഈ പ്രദേശത്തെ കവിയുടെ സുഹൃത്തുക്കളായ ദിലിപിൻ്റെയും അലക്സിൻ്റേയും നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ കായലോരത്തെ കവിയുടെ പ്രിയ ഗൃഹമായ അക്ഷര പീഠത്തിൻ്റെ ചുറ്റിനും വൃത്തിയാക്കി.
ഇനി ഈ വീട്ടിലേക്ക് കവി വരില്ലന്നും അദ്ദേഹത്തിൻ്റെ മുഴക്കമുള്ള സ്വരം ഇവിടെ ഉയരില്ലെന്നുമുള്ള തിരിച്ചറിവ് ഗ്രാമവാസികളെയാകെ ദുഖത്തിലാത്തി.
എം.കെ.ബിജു മുഹമ്മദ്