IndiaNEWS

പവന്‍ കല്യാണിന്റെ പാര്‍ട്ടി എന്‍ഡിഎ വിട്ടു: ചന്ദ്രബാബു നായിഡുവുമായി സഖ്യം

അമരാവതി: നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പവന്‍ കല്യാണ്‍ ബിജെപി ബന്ധം ഉപേക്ഷിച്ചത്. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.

”ടി.ഡി.പി.ശക്തമായ പാര്‍ട്ടിയാണ്. വികസനത്തിനും സംസ്ഥാനത്തിന്റെ മികച്ച ഭരണ നിര്‍വ്വഹണത്തിനും ആന്ധ്രപ്രദേശിന് ടിഡിപി ആവശ്യമാണ്. ഇന്ന് ടി.ഡി.പി പോരാട്ടത്തിലാണ്. അവര്‍ക്ക് ‘ജനസൈനികരു’ടെ യുവരക്തം ആവശ്യമാണ്. ടിഡിപിയും ജനസേനയും ഒരുമിച്ച് നിന്നാല്‍ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് മുങ്ങും” -പൊതുയോഗത്തില്‍ സംസാരിക്കവേ പവന്‍ കല്യാണ്‍ പറഞ്ഞു.

Signature-ad

അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ചന്ദ്രബാബു നായിഡുവിനെ കഴിഞ്ഞ മാസം പവന്‍ കല്യാണ്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ജൂലായിയില്‍ ഡല്‍ഹിയില്‍ നടന്ന വിശാല എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനെ തന്റെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് പവന്‍ കല്യാണ്‍ പ്രഖ്യാപിച്ചിരുന്നു.

ആന്ധ്രയില്‍ ബിജെപി-ടിഡിപി-ജനസേന സഖ്യമായിരുന്നു പവന്‍ കല്യാണ്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, ടിഡിപിയുമായുള്ള സഖ്യത്തിന് ബിജെപി താത്പര്യം കാണിച്ചിരുന്നില്ല. പാര്‍ലമെന്റില്‍ നിര്‍ണായ ഘട്ടങ്ങളിലെല്ലാം പിന്തുണ ലഭിക്കുന്ന വൈ.എസ്.ആര്‍.കോണ്‍ഗ്രസിനെ പിണക്കാന്‍ ബിജെപി തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പവന്‍ കല്യാണ്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.

2019-ല്‍ നടന്ന ആന്ധ്ര തിരഞ്ഞെടുപ്പില്‍ പവന്‍ കല്യാണിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റില്‍ മാത്രമാണ് ജയിക്കാനായിരുന്നത്. അന്ന് 5.6 ശതമാനം വോട്ട് നേടിയിരുന്നു. 175 അംഗ നിയമസഭയിലേക്ക് നടന്ന മത്സരത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 50.6 ശതമാനം വോട്ട് വിഹിതത്തോടെ 151 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 39.7 ശതമാനം വോട്ടുകള്‍ നേടിയ ടിഡിപിയ്ക്ക് 23 സീറ്റുകളിലാണ് ജയിക്കാനായത്.

നൈപുണ്യ വികസനപദ്ധതി അഴിമതിക്കേസില്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് ടിഡിപി മേധാവി ചന്ദ്രബാബു നായിഡു അറസ്റ്റിലായത്. നിലവില്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

 

Back to top button
error: