ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നല്‍കുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ കയ്യോടെ പൊക്കി വിജിലന്‍സ് സംഘം. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിദഗ്ധന്‍ ഡോക്ടര്‍ വെങ്കിട ഗിരിയെ ആണ് വിജിലന്‍സ് സംഘം അറസ്റ്റുചെയ്തത്.
കാസര്‍കോട് മധൂർ സ്വദേശി അബ്ബാസ് പിഎം ആണ് ഇതുസംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കിയത്. ഹര്‍ണിയ അസുഖത്തിന് ചികിത്സയ്ക്കായി ഇദ്ദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോ അഭിജിത്തിനെ ഇക്കഴിഞ്ഞ ജൂലൈ 21 ന് കണ്ടിരുന്നു. പരിശോധയില്‍ ഓപറേഷന് ആവശ്യമാണെന്ന് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഓപറഷന്‍ തിയതി ലഭിക്കുന്നതിന് അനസ്തേഷ്യ വിഭാഗം ഡോക്ടര്‍ വെങ്കിട ഗിരിയെ കാണാന്‍ നിര്‍ദേശിച്ചു.
ഇതനുസരിച്ച് ജൂലൈ 26 ന് വെങ്കിട ഗിരിയെ കണ്ടപ്പോള്‍ ഡിസംബര്‍ മാസത്തിലാണ് ഓപറേഷന് തീയതി നല്‍കിയത്. എന്നാൽ പെട്ടെന്ന് ഓപറേഷന് നടത്താന്‍ 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് അബ്ബാസ് പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയുമായിരുന്നു.
വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഡോക്ടറെ കണ്ട് പണം കൈമാറുന്നതിനിടെ ഉദ്യോഗസ്ഥ സംഘം കയ്യോടെ പിടികൂടി.
നേരത്തെ വാഹനാപകടത്തില്‍ പരുക്കേറ്റ മകനെ ഓപറേഷന് തിയേറ്ററില്‍ പ്രവേശിപ്പിച്ചിട്ടും അനസ്തേഷ്യ നല്കാന് വിസമ്മതിച്ചു എന്ന പരാതിയില്‍ ഡോ. വെങ്കിട ഗിരിക്കെതിരെ ഒരുമാസത്തിനകം അച്ചടക്ക നടപടി എടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ട സംഭവവും ഉണ്ടായിരുന്നു. ജൂൺ 22 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
2019 ല്‍ ഒരു രോഗിയോട് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു
വന്നതിന്റെ അടിസ്ഥാനത്തില്‍ സസ്പെന്ഷന് അടക്കമുള്ള വകുപ്പുതല നടപടികള്‍ക്കും വിധേയനായിട്ടുണ്ട്.