തിരുവനന്തപുരം: മതവിശ്വാസങ്ങളിന്മേലുള്ള നഗ്നമായ കൈയേറ്റമാണ് തട്ടം പരാമർശത്തിലൂടെ സിപിഎം നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വിശ്വാസകാര്യങ്ങളിൽ ബിജെപിയുടെയും സിപിഎമ്മിന്റെയും നിലപാടുകൾ പാലും തേനും പോലെ ഒന്നാകുന്നതിന്റെ മറ്റൊരു ക്ലാസിക് ഉദാഹരണമാണിത്. തട്ടം ഒഴിവാക്കണമെന്ന് വാദിക്കുന്ന സിപിഎമ്മും ഹിജാബ് നിരോധിച്ച ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും ഉൾക്കൊള്ളാൻ ബിജെപിക്കും സിപിഎമ്മിനും സാധിക്കില്ലെന്നും സുധാകരൻ വിമർശിച്ചു.
പ്രതിഷേധം ഉയർന്നപ്പോൾ സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാറും അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് സിപിഎം സെക്രട്ടറി എം വി ഗോവന്ദനും രംഗത്തുവന്നെങ്കിലും അതുണ്ടാക്കിയ മുറിപ്പാടുകൾ അവശേഷിക്കുകയാണ്. ഇത്തരം നിലപാടുകാർക്കെതിരേ സിപിഎം തിരുത്തൽ നടപടി സ്വീകരിക്കുമോയെന്നാണ് കേരളീയ സമൂഹത്തിന് അറിയേണ്ടത്. ഗണപതിയെ മിത്തെന്ന് വിശേഷിപ്പിച്ചും നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെയും ശബരിമല വിശ്വാസ സംരക്ഷകർക്കെതിരെയും പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെയും കേസെടുത്തും സിപിഎം അസഹിഷ്ണുത പലതവണ പുറത്തുവന്നിട്ടുണ്ട്.
വിശ്വാസസ്വാതന്ത്ര്യവും വസ്ത്രധാരണസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളാണ്. അതിന്മേൽ തൊട്ടുകളിക്കാൻ ആർക്കും അവകാശമില്ല. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൈകടത്തുന്നതും അഭിപ്രായം പറയുന്നതും സൗഹാർദ അന്തരീക്ഷത്തെ തകർക്കും. സാമൂഹിക അന്തരീക്ഷം തകർക്കുന്ന വിഷയങ്ങളിൽ നിന്ന് അകലം പാലിക്കാനുള്ള വിവേകവും നൈതികതയും പൊതുപ്രവർത്തകർ കാട്ടണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.