NEWSWorld

ഫ്രാന്‍സില്‍ നടക്കുന്ന ഒളിംപിക്സ് കാണാന്‍ പോകാന്‍ പ്ലാനുണ്ടോ? ഒന്നൂടെ ചിന്തിച്ചിട്ട് മതി, കഴുത്തറപ്പന്‍ നിരക്കുമായി പാരീസിലെ ഹോട്ടലുകള്‍!

ടുത്ത വർഷം ഫ്രാൻസിൽ നടക്കുന്ന ഒളിംപിക്സ് കാണാൻ പോകാൻ പ്ലാനുണ്ടോ? പാരീസിലെ ഹോട്ടലുകളിൽ താമസിക്കാനുള്ള നിരക്ക് കൂടി അറിഞ്ഞാൽ യാത്ര പോകണമോ എന്ന് തന്നെ ശങ്കിക്കും. കഴിഞ്ഞ ജൂലൈ മാസത്തെ അപേക്ഷിച്ച് അടുത്ത വർഷം ജൂലൈയിലെ നിരക്കുകൾ 300 ശതമാനമാണ് ഹോട്ടലുകൾ കൂട്ടിയിരിക്കുന്നത്. വെറും 178 ഡോളറിൻറെ സ്ഥാനത്ത് ഒളിംപിക്സ് സമയത്തെ താമസത്തിന് 685 ഡോളറാണ് ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ നൽകേണ്ടത്. അതേ സമയം പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകൾ ഇതേ നിരക്കിലുള്ള വർധന വരുത്തിയിട്ടില്ല.

മുറികൾ വൻതോതിൽ മുൻകൂട്ടി ബുക്ക് ചെയ്യപ്പെട്ടതോടെയാണ് ഹോട്ടലുകൾ നിരക്കുകളും കൂട്ടിയത്. ഇപ്പോൾ തന്നെ പാരീസിലെ 45 ശതമാനം ഹോട്ടലുകളിലെ മുറികളും ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. സാധാരണ ഒരു വർഷം മുൻപെ മുറികൾ ബുക്ക് ചെയ്യുന്നത് വെറും 3 ശതമാനമായിരുന്നു. അടുത്ത വർഷം ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരീസിൽ വച്ച് ഒളിംപിക്സ് അരങ്ങേറുന്നത്. 11 ദശലക്ഷം പേർ ഒളിംപിക്സിൻറെ ഭാഗമായി പാരീസിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. പാരീസിന് പുറത്തു നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമായി 3.3 ദശലക്ഷം പേരും എത്തും. ഇവർക്ക് താമസിക്കുന്നതിനായി നഗരത്തിൽ 2.8 ലക്ഷം റൂമുകളാണ് സജ്ജമാക്കുന്നത്.

Signature-ad

ഒളിംപിക്സ് കാണാൻ താൽപര്യമുള്ളവർ മുൻ കൂട്ടി റൂമുകൾ ബുക്ക് ചെയ്യുന്നതായിരിക്കും നല്ലതെന്ന് ഹോട്ടലുടമകൾ പറയുന്നു. അതിനിടെ പാരീസിലെ മൂട്ട ശല്യത്തെ കുറിച്ചുള്ള ചർച്ചകളും പൊടിപൊടിക്കുകയാണ്. മെട്രോകളിലും , ഹൈസ്പീഡ് ട്രെയിനുകളിലുമെല്ലാം രക്തം കൂടിക്കുന്ന മൂട്ടകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. ആരും തന്നെ മൂട്ടകളിൽ നിന്ന് സുരക്ഷിതരല്ല എന്ന് പാരീസ് ഫസ്റ്റ് ഡെപ്യൂട്ടി മേയർ തന്നെ പറയുന്ന അവസ്ഥയാണ് നഗരത്തിൽ.

Back to top button
error: