തൃശൂര്‍: മലയാള ചലച്ചിത്ര ഗാനരചയിതാവും നാടന്‍പാട്ട് രചയിതാവുമായ അറുമുഖന്‍ വെങ്കിടങ്ങ് (65) അന്തരിച്ചു. 350 ഓളം നാടന്‍ പാട്ടുകളുടെ രചയിതാവാണ്.
അന്തരിച്ച നടനും ഗായകനുമായ കലാഭവന്‍ മണി ആലപിച്ചിരുന്ന മിക്ക നാടന്‍പാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം. ഇരുന്നൂറോളം പാട്ടുകള്‍ ഇദ്ദേഹം കലാഭവന്‍ മണിക്കുവേണ്ടി രചിച്ചു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍, പകലു മുഴുവന്‍ പണിയെടുത്ത്, വരിക്കച്ചക്കേടെ ചുള കണക്കിന് തുടങ്ങി കലാഭവന്‍ മണി പാടി ജനപ്രിയമാക്കിയ നിരവധി പാട്ടുകളുടെ രചന ഇദ്ദേഹമായിരുന്നു.
സിനിമയ്ക്ക് വേണ്ടിയും അറുമുഖന്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 1998ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’, മീശമാധവനിലെ ‘ഈ എലവത്തൂര്‍ കായലിന്റെ’, ഉടയോന്‍ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ എന്നിവയുടെ വരികള്‍ എഴുതിയത് അറുമുഖനാണ്. കൂടാതെ ധാരാളം ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങില്‍ നടുവത്ത് ശങ്കരന്‍- കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖന്‍, വിനോദ കൂട്ടായ്മകളിലും നാട്ടിന്‍പുറത്തെ ഗാനമേളകളിലും ഗാനങ്ങള്‍ രചിച്ചായിരുന്നു തുടക്കം.
ഭാര്യ: അമ്മിണി. മക്കള്‍: സിനി, സിജു, ഷൈനി, ഷൈന്‍, ഷിനോയ്, കണ്ണന്‍ പാലാഴി. മരുമക്കള്‍: വിജയന്‍, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഏനാമാവില്‍.