CrimeNEWS

കോന്നിയില്‍ കാട്ടില്‍ വെടിയൊച്ച; തെരച്ചിലില്‍ കൂരമാനിന്റെ ഇറച്ചിയുമായി നായാട്ടുസംഘം

പത്തനംതിട്ട: നിറതോക്കുമായി നടന്ന നായാട്ടുസംഘത്തെ വനത്തില്‍ തേടിപ്പിടിച്ചു വനപാലകര്‍. കോന്നി നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ അഴകുപാറ ഭാഗത്ത് നിന്നാണ് മൂന്നംഗ നായാട്ടുസംഘം വനപാലകരുടെ പിടിയിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു.

തേക്കുതോട് തോപ്പില്‍ പ്രവീണ്‍ പ്രമോദ് (29), ഏഴാംതല സ്വദേശി മനു, ആദിവാസി വിഭാഗത്തില്‍പെട്ട കുട്ടി എന്നിവരാണ് പിടിയിലായത്. മറ്റു പ്രതികളായ മൂര്‍ത്തിമണ്‍ സ്വദേശി സുരാജ്, കോന്നി ചേരിമുക്ക് സ്വദേശി മിഖായേല്‍ (പൊന്നച്ചന്‍) എന്നിവര്‍ രക്ഷപ്പെട്ടു. തിര നിറച്ച നാടന്‍ തോക്ക്, കൂരമാനിന്റെ ഇറച്ചി, പാകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങള്‍, കത്തി, ഹെഡ്ലൈറ്റ് എന്നിവ പ്രതികളില്‍നിന്ന് കണ്ടെടുത്തു.

Signature-ad

ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനില്‍ ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം ഫോറസ്റ്റര്‍ എംജി രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള സംഘം വനത്തില്‍ ക്യാംപ് ചെയ്ത് പരിശോധന നടത്തുന്നതിനിടയിലാണ് നായാട്ടുസംഘം പിടിയിലായത്. വനപാലക സംഘം 26നാണ് കാട്ടിലേക്ക് കയറിയത്. കോട്ടാംപാറയില്‍നിന്ന് നടന്നു തുടങ്ങിയ സംഘം രാത്രി വല്ലങ്കയത്ത് തങ്ങിയ ശേഷം പിറ്റേന്ന് രാവിലെ മൂന്നുമുക്ക് ഭാഗത്ത് എത്തിയപ്പോള്‍ വനത്തിനുള്ളില്‍നിന്ന് വെടിയൊച്ച കേട്ടു. ആ ഭാഗത്ത് നടത്തിയ തെരച്ചിലില്‍ കണ്ട ചോരപ്പാടുകള്‍ പിന്തുടര്‍ന്നാണ് അഴകുപാറ ഭാഗത്തെ താത്ക്കാലിക ഷെഡിലെത്തിയത്.

ഇവിടെനിന്നാണ് മൂന്നുപേരെ കണ്ടെത്തിയത്. സംഘത്തില്‍ ഉണ്ടായിരുന്ന സുരാജും മിഖായേലും വനപാലകരെ കണ്ട് കല്ലാര്‍ നീന്തിക്കടന്ന് രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം തുടരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത തോക്ക് തുടര്‍നടപടികള്‍ക്കായി തണ്ണിത്തോട് പോലീസിന് കൈമാറി. കൂടുതല്‍ അന്വേഷണം പോലീസും ആരംഭിച്ചിട്ടുണ്ട്.

Back to top button
error: