ഇടുക്കി: കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നു പറയുമ്പോള്‍ ചിലര്‍ക്കു സമനില തെറ്റുമെന്നു സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്. ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ രംഗത്തുവന്ന എം.എം.മണി അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെയാണു ശിവരാമന്റെ ഒളിയമ്പ്. ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യും കാലും വെട്ടുമെന്നും നാവു പിഴുതെടുക്കുമെന്നുമാണു പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്. തല വെട്ടിക്കളഞ്ഞാല്‍ മതിയല്ലോ. കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാന്‍ കുറേ സമയം എടുക്കുമല്ലോ എന്നായിരുന്നു ശിവരാമന്റെ പരിഹാസം.
ചിന്നക്കനാല്‍ പഞ്ചായത്തില്‍ 100 കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു കൃഷി നടത്തുന്നവര്‍ കുടിയേറ്റക്കാരാകുന്നത് എങ്ങനെയാണെന്നു മനസിലാകുന്നില്ലെന്നും ശിവരാമന് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ”ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ 1000 കണക്കിന് ഏക്കര്‍ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങള്‍ തുണ്ടുതുണ്ടായി മുറിച്ചു വില്ക്കാന് തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികള്‍ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനു തടയിടാന്‍ കഴിയുന്നില്ല” ശിവരാമന് പറഞ്ഞു.
”ആയിരക്കണക്കിനു ഭൂരഹിത കര്‍ഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു കൂര കെട്ടി താമസിക്കാന്‍ ഇടമില്ലാത്ത നാട്ടിലാണു കയ്യേറ്റക്കാരുടെ പറുദീസ ഒരുക്കുന്നത്. വ്യക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാര്‍ ഭൂമി കയ്യേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണം” – തുണ്ടുതുണ്ടായി വില്ക്കപ്പെട്ട തോട്ട ഭൂമി എല്ലാം സര്‍ക്കാര്‍ വീണ്ടെടുത്തു ഭൂരഹിതര്‍ക്കു വിതരണം ചെയ്യണമെന്നും ശിവരാമന് ആവശ്യപ്പെട്ടു.