പത്തനംതിട്ട: ഒളിവിലായിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം പാസാക്കി ഭരണം പിടിച്ച് ഇടതുമുന്നണി. തിരുവല്ല നിരണം ഗ്രാമ പഞ്ചായത്ത് ഭരണമാണ് യുഡിഎഫില്‍നിന്നും എല്‍ഡിഎഫ് പിടിച്ചത്. യുഡിഎഫ് സ്വതന്ത്ര അംഗമായ വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജിനെ ഇടതു മുന്നണിക്ക് ഒപ്പം എത്തിച്ചാണ് ഭരണം നേടിയത്. സിപിഎം സ്വതന്ത്രന് എം.ജി രവിയാണ് പുതിയ പ്രസിഡന്റ്്. യുഡിഎഫിലെ പ്രസിഡന്റ് ആയിരുന്ന കെ.പി പുന്നൂസിനെതിരെ കൊണ്ടുവന്ന അവിശ്വാസം നേരത്തെ പാസായിരുന്നു.
പ്രമേയ വോട്ടെടുപ്പ് ദിവസവും പ്രസിഡന്റ്് തെരഞ്ഞെടുപ്പ് ദിവസവും കെ.പി പുന്നൂസ് എത്തിയിരുന്നില്ല. നിരവധി തട്ടിപ്പ് കേസുകളിലായി ജയിലിലും പുറത്തിറങ്ങി ഒളിവിലും കഴിയുകയാണ് പുന്നൂസ്. 13 അംഗ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയില്‍ യുഡിഎഫിന് എട്ട് പേരുടെയും എല്‍ഡിഎഫിന് അഞ്ച്പേരുടെയും പിന്തുണയായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍ രണ്ട് സ്വതന്ത്ര വനിതാ അംഗങ്ങളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസിലെ കെപി പുന്നൂസ് പ്രസിഡന്റ് ആയത്.
എന്നാല്‍, പ്രസിഡന്റ് ഒളിവില്‍ പോയതോടെ ഭരണം പ്രതിസന്ധിയിലായി. കേസുകള്‍ വന്നതോടെ രാജിവെക്കാന്‍ പുന്നൂസിനോട് ഡിസിസി നിര്‍ദേശിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് എല്‍ഡിഎഫ് അവിശ്വാസം അവതരിപ്പിച്ചത്. അന്ന് യോഗത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ യുഡിഎഫ് നേതൃത്വം നിര്‍ദേശിച്ചെങ്കിലും സ്വതന്ത്ര അംഗം ഇത് അംഗീകരിക്കാതെ യോഗത്തിനെത്തി. അവിശ്വാസം പാസായതോടെ നടന്നതെരഞ്ഞെടുപ്പിലും ഇവര്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. ഇതോടെയാണ് ഭരണ മാറ്റം ഉണ്ടായത്. എന്‍ഡിഎയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു എംജി രവി. പിന്നീട് സിപിഎമ്മില്‍ ചേരുകയായിരുന്നു.