IndiaNEWS

ഹരിയാനയുടെ ഔദ്യോഗിക രണ്ടാം ഭാഷ : തമിഴ്

40 വർഷത്തിലധികം കാലത്തോളം ഹരിയാനയുടെ ഔദ്യോഗിക രണ്ടാം ഭാഷ തമിഴ് ആയിരുന്നു എന്ന് പറഞ്ഞാല് വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ. എന്നാല് സത്യം അതാണ്.
ശരിക്കും ഹരിയാനയുടെ ഭാഗമായിരുന്നു ഇന്ത്യയുടെ തലസ്ഥാന നഗരി ഡൽഹി. എന്നാല് ബ്രിട്ടീഷ് കാലത്ത് തന്നെ ഡൽഹിയെ പ്രത്യേക പ്രദേശമാക്കി മാറ്റി ഹരിയാനയെ പഞ്ചാബ് പ്രൊവിയൻസിന്റെ കൂടെ ചേർക്കുകയായിരുന്നു. ഈ തീരുമാനം ഹിന്ദി സംസാരിക്കുന്ന ഹരിയാനക്കാർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പഞ്ചാബി ഭാഷ പഠിക്കേണ്ട ബാധ്യത ഹരിയാനക്കാർക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള പഞ്ചാബി സുബ മൂവ്മെന്റ് ആരംഭിച്ചതോടെ രണ്ട് കൂട്ടരും തമ്മിലുള്ള അകൽച്ച വർദ്ധിച്ചു.
ഹരിയാനയുടെ ഭൂരിഭാഗം പ്രദേശത്തുള്ളവരുടെ സംസാര ഭാഷ ഹിന്ദിയായത് കൊണ്ട് തങ്ങൾ പഞ്ചാബി ഭാഷ സംസാരിക്കുന്നവർക്ക് മാത്രമായി ഒരു സംസ്ഥാനം വേണമെന്ന പഞ്ചാബികളുടെ വാശിയിൽ നിന്നാണല്ലോ ഹരിയാന സംസ്ഥാനമുണ്ടാവുന്നത്. 1966 ലാണ് പഞ്ചാബില് നിന്ന് വേർതിരിഞ്ഞു ഹരിയാന എന്ന പേരില് പുതിയൊരു സംസ്ഥാനം രൂപീകൃതമാവുന്നത്. ഇതിന് ശേഷവും വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, വിമാനത്താവളം എന്തിന് തലസ്ഥാന നഗരം വരെ രണ്ട് കൂട്ടരും വീതിച്ചു വരികയായിരുന്നു. ഇത് കുറെയേറെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചു.
പഞ്ചാബികളോടുള്ള ദേഷ്യത്താല് 1969 ല് ഹരിയാന മുഖ്യമന്ത്രി ബൻസി ലാൽ പഞ്ചാബി ഭാഷയുമായി തങ്ങൾക്ക് ഒരു ബന്ധവും വേണ്ട എന്ന് തീരുമാനിച്ചു. അതിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ടാം ഭാഷയായിരുന്ന പഞ്ചാബിയെ മാറ്റി, തമിഴിനെ രണ്ടാം ഭാഷയാക്കുകയായിരുന്നു. പഞ്ചാബികളുമായി ഞങ്ങൾക്ക് യാതൊരു ബന്ധമില്ലെന്നും പഞ്ചാബും ഹരിയാനയും സാംസ്കാരികമായി വളരെ വ്യത്യസ്തമാണെന്നും പഞ്ചാബികളേക്കാൾ ഹരിയാനക്കാർക്ക് തമിഴ് ആളുകളുമായി കൂടുതൽ സാമ്യമുണ്ടെന്നും പഞ്ചാബികളെ അറിയിക്കാൻ വേണ്ടിയാണ് ബൻസി ലാൽ ഇത്തരത്തിലൊരു കടുത്ത തീരുമാനമെടുത്തത്. സംസ്ഥാനത്ത് പേരിന് പോലും ഒരു തമിഴ് സംസാരിക്കുന്നയാൾ ഇല്ലാതിരുന്നിട്ടും ഇങ്ങനെയൊരു  തീരുമാനമെടുത്തതിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള പലരും നെറ്റി ചുളിക്കുകയുണ്ടായി.
അക്കാലത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തമിഴ് പഠിപ്പിക്കാൻ 250 തമിഴ് അദ്ധ്യാപകരെ പോലും മുഖ്യമന്ത്രി ഹരിയാനയിലെത്തിച്ചിരുന്നു. പിന്നീട് 41 വർഷങ്ങൾക്ക് ശേഷം 2010 ല് അന്നത്തെ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയാണ് രണ്ടാം ഭാഷയായി വീണ്ടും പഞ്ചാബിയെ കൊണ്ട് വരുന്നത്.

Back to top button
error: