സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഈ പ്രദേശങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടർന്നാണ് ഭോപ്പാൽ ലാബിലേക്ക് സാമ്പിൾ അയച്ച് പരിശോധന നടത്തിയത്. എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ.രാജു അറിയിച്ചു.
വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരിൽ പകർന്നിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരം തുടർനടപടി സ്വീകരിക്കും. രോഗവ്യാപനം തടയാന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എല്ലാ നടപടികളും സ്വീകരിച്ചതായി വനംമന്ത്രി കെ.രാജു പറഞ്ഞു.
രോഗം സ്ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളിൽ കളക്ടർമാരുടെ നേത്യത്വത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകി. രണ്ട് ജില്ലകളിലും കൺട്രോൾ റൂം തുറന്നു. ദ്രുത കർമ സേനകളെ നിയോഗിച്ചു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം.
ഏകദേശം 48,000 ഓളം പക്ഷികളെ കൊല്ലേണ്ടി വരും. കഴിഞ്ഞ വർഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. സമാന രീതിയിൽ പ്രദേശത്തെ പക്ഷികളെ നശിപ്പിച്ചാണ് രോഗം കൂടുതൽ പടരുന്നത് തടഞ്ഞത്.
അതേസമയം, കോവിഡ് 19, ഷിഗെല്ല തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിലാണ് ആരോഗ്യവകുപ്പ്.