മലപ്പുറം:സംസ്ഥാനത്ത് എറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം.ഇതര സംസ്ഥാനങ്ങളിലും ജില്ലകളിലും പോയി ജോലിചെയ്യുന്നവർ ധാരാളം. യാത്രക്കാർ ഏറെയുണ്ടെങ്കിലും ഇന്ത്യൻ റെയിൽവേ ഭൂപടത്തിൽ മലപ്പുറത്തിന് ഏറെയൊന്നും സ്ഥാനമില്ല.
ജില്ലാ ആസ്ഥാനത്തുകൂടി റെയിൽ പാത കടന്നുപോകുന്നില്ല എന്നതാണ് പ്രധാന പരിമിതി.എന്നാൽ രണ്ട് റെയിൽ പാതകൾ ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്. കോഴിക്കോട്–- ഷൊർണൂർ പാതയും നിലമ്പൂർ–- ഷൊർണൂർ പാതയും.
കോഴിക്കോട്–- ഷൊർണൂർ പാതയിൽ വള്ളിക്കുന്ന്, പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരുന്നാവായ, കുറ്റിപ്പുറം, പേരശന്നൂർ സ്റ്റേഷനുകളാണുള്ളത്. മിക്കയിടത്തും പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂര പോലുമില്ല.
റിസർവേഷൻ സൗകര്യമുള്ള സ്റ്റേഷനുകളും കുറവ്. നിലമ്പൂർ–- ഷൊർണൂർ പാതയിൽ ചെറുകര, അങ്ങാടിപ്പുറം, മേലാറ്റൂർ, പട്ടിക്കാട്, തുവ്വൂർ, വാണിയമ്പലം, നിലമ്പൂർ സ്റ്റേഷനുകളാണ് ഉള്ളത്. ടൂറിസത്തിനടക്കം ഒരുപാട് സാധ്യതകൾ ഏറെയുണ്ടെങ്കിലും ഈ പാതയോടും കടുത്ത അവഗണനയാണ്.
മലബാറിലെ പ്രധാന റെയിൽവേ സ്റ്റേഷനാണ് തിരൂർ.ജില്ലയുടെ റെയിൽവേ ആസ്ഥാനം.പക്ഷേ 22 ദീർഘദൂര ട്രെയിനുകളാണ് തിരൂരിൽ നിർത്താതെ ചൂളംവിളിച്ച് കുതിച്ചുപായുന്നത്.കൊച്ചുവേളി– – ചണ്ഡിഗഢ് എക്സ്പ്രസ്, കൊച്ചുവേളി–- അമൃത്സർ എക്സ്പ്രസ്, കൊച്ചുവേളി–- ഡെറാഡൂൺ, തിരുനെൽവേലി–- ഹാപ്പ, തിരുവനന്തപുരം–- നിസാമുദ്ദീൻ രാജധാനി, കോയമ്പത്തൂർ–- ബീക്കാനീർ തുടങ്ങിയവ തിരൂരിൽ നിർത്തില്ല.
ദൂരപരിധി, യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവയിലും ഒട്ടും പിറകിലല്ല തിരൂർ.കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്തത് തിരൂർ സ്റ്റേഷനാണ്– 29.48 കോടി രൂപ.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനാണു വരുമാനത്തിൽ രണ്ടാം സ്ഥാനം (11.10 കോടി രൂപ). 7.63 കോടി രൂപ വരുമാനം നേടിയ പരപ്പനങ്ങാടിയാണു മൂന്നാം സ്ഥാനത്ത്. തൊടിയപ്പുലം റെയിൽവേ സ്റ്റേഷനാണ് ഏറ്റവും കുറവു വരുമാനം , 4.94 ലക്ഷം രൂപ. നിലമ്പൂർ (6.65 കോടി), അങ്ങാടിപ്പുറം (4.56 കോടി), വാണിയമ്പലം (1.82 കോടി), താനൂർ (1.69 കോടി), വള്ളിക്കുന്ന് (32.58 ലക്ഷം), തിരുനാവായ (16.72 ലക്ഷം), മേലാറ്റൂർ (64.49 ലക്ഷം), പട്ടിക്കാട് (40.95 ലക്ഷം), തുവ്വൂർ (41.49 ലക്ഷം), ചെറുകര (25.29 ലക്ഷം) എന്നിങ്ങനെയാണു മറ്റു റെയിൽവേ സ്റ്റേഷനുകളുടെ ഈ കാലയളവിലെ വരുമാനം.
എന്നാൽ വന്ദേഭാരത് ട്രയിനിന് ആദ്യഘട്ടത്തില്‍ തിരൂരില്‍ സ്റ്റോപ്പ്
അനുവദിക്കാൻ റെയിൽവേ തയാറായിരുന്നില്ല.ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു ഇതിനെത്തുടർന്ന് രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തു.തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത് റെയില്‍വേയ്ക്ക് ഒരു നഷ്ടവും ഉണ്ടാക്കില്ലെന്ന ശുഭസൂചനയാണ് ആദ്യദിവസം തന്നെ തിരൂരിലെ ജനങ്ങള്‍ നല്‍കിയത്.ഒക്ടോബര്‍ രണ്ടാം തീയതി വരെ തിരുവനന്തപുരത്ത് നിന്ന് തിരൂരിലേക്കും തിരൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലാണ്. മാത്രമല്ല, തിരൂരില്‍ നിന്ന് കാസര്‍കോടിലേക്കും ടിക്കറ്റ് ലഭ്യമല്ല.
ഏതായാലും വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് റെയില്‍വേയ്ക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാക്കില്ലെന്ന സൂചനകളാണ് ആദ്യനാളുകളിലെ ടിക്കറ്റ് ബുക്കിങ് നിരക്കുകൾ സൂചിപ്പിക്കുന്നത്.ഇവിടെയാണ് മറ്റുള്ള ട്രെയിനുകൾക്കും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കേണ്ടതിന്റെ പ്രസക്തിയും.