ലഖ്‌നൗ: യുവതിയുടെ മൃതദേഹം തല വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. മൃതദേഹത്തിന്റെ കൈയിലെ നാല് വിരലുകളും വെട്ടിമാറ്റിയ നിലയിലായിരുന്നു.
ചംരാഹാ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് 35 – 40 വയസ്സ് പ്രായമുള്ള സ്ത്രീയുടെ അര്‍ധനഗ്ധമായ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലമുടി വെട്ടിമാറ്റിയിരുന്നു. പല്ലുകള്‍ തല്ലിക്കൊഴിച്ച നിലയിലായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാതിരിക്കാനാണ് കൊലയാളികള്‍ ഇങ്ങനെ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മധ്യപ്രദേശിലെ ഛത്തര്‍പുര്‍ സ്വദേശിയായ രാംകുമാര്‍ അഹിര്‍വാറിന്റെ ഭാര്യ മായാദേവിയുടേതാണ് മൃതദേഹമെന്ന് പോലീസ കണ്ടെത്തി.
കൊലപാതകത്തില്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊലീസിന് സംശയം തോന്നി.
രാംകുമാറിനെയും മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവന്‍ ഉദയ്ഭന്‍ എന്നിവരെയും ചോദ്യംചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചു.
മായാദേവി രാംകുമാറിന്റെ രണ്ടാം ഭാര്യയാണ്. ആദ്യ വിവാഹത്തിലെ മക്കളിലൊരാളുമായി മായാദേവിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. മറ്റൊരു മകനുമായി സമാനരീതിയില്‍ ബന്ധം ആരംഭിച്ചുവെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് രാംകുമാര്‍ കുറ്റസമ്മതം നടത്തി.
നാല് പ്രതികളും കൂടി മായാദേവിയെ ചംരാഹയിലേക്ക് കൊണ്ടുപോയി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മഴു കൊണ്ട് തല വെട്ടിമാറ്റി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും മഴുവും പൊലീസ് കണ്ടെത്തി.