സംഭവത്തിൽ മകനെ പോലീസ് അറസ്റ്റുചെയ്തു.പത്തനംതിട്ട വാഴമുട്ടം സ്വദേശി ആന്റണി ജോസഫിന്റെയും ഓമനയുടെയും ഇളയ മകൻ ജുബിൻ ജോസഫിനെ(39)ആണ് അറസ്റ്റുചെയ്തത്. സ്ഥിരം വഴക്കുണ്ടാക്കുന്ന മകന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കാനായി അച്ഛൻ പോയ സമയത്തായിരുന്നു സംഭവം.
ഓമല്ലൂര്‍ പുത്തൻപീടിക ജങ്ഷന് സമീപമുള്ള ശ്രീഭദ്ര ഫ്ലാറ്റിന്റെ താഴത്തെനിലയില്‍ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഫ്ലാറ്റിലെത്തിയ ജുബിൻ മാതാപിതാക്കളോട് വഴക്കിട്ടു. ഇതേത്തുടര്‍ന്ന് പരാതി നല്കാൻ അച്ഛൻ ആന്റണി പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് പോയി. ഫ്ലാറ്റിന് അകത്തുകയറിയ ജുബിൻ ഓമനയോട് ഭക്ഷണം ഉണ്ടാക്കി നല്കാൻ ആവശ്യപ്പെട്ടു.
ഇഷ്ടഭക്ഷണം വേണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ പ്രകോപിതനായ ജുബിൻ ഫ്ലാറ്റിലെ കിടപ്പുമുറിക്ക് തീയിട്ടു. ഈസമയം ഓമന മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ. കട്ടില്, മെത്ത മറ്റ് വീട്ടുസാധനങ്ങള്‍ എല്ലാം പൂര്‍ണമായി കത്തിനശിച്ചു. മുറിയില്‍നിന്ന് പുറത്തുചാടിയ ഓമന വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ഇവർക്ക് ചെറിയതോതില്‍ പൊള്ളലുമേറ്റു.
പുക ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ മുറിക്ക് അകത്തേക്ക് കടക്കാതിരിക്കാൻ കത്രിക കാണിച്ച് ജുബിൻ ഭീഷണിപ്പെടുത്തി. പത്തനംതിട്ടയില്‍നിന്ന് അഗ്നിരക്ഷാസേനയും പോലീസും എത്തിയാണ് കൂടുതല്‍ ഭാഗത്തേക്ക് തീ പടരുംമുൻപ് നിയന്ത്രണവിധേയമാക്കിയത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ജൂബിനെതിരെ കേസ്.