KeralaNEWS

പുരുഷനെ കൊന്നുതള്ളി ഒരുത്തിയും ഇനി പുറത്തു വിലസണ്ട! ഗ്രീഷ്മയുടെ ജാമ്യത്തിനെതിരേ മെന്‍സ് അസോ.

തിരുവനന്തപുരം: പാറശാല ഷാരോണ്‍രാജ് വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കിയ കോടതി വിധിയില്‍ പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. വിധി വന്നതുമുതല്‍ എങ്ങനെ ഷാരോണിന് നീതി നേടിക്കൊടുക്കാമെന്ന ശ്രമത്തിലായിരുന്നു. അതിനുവേണ്ടി ഒരുപാട് ശ്രമിച്ചുവെന്നും ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷന്‍ മുന്നോട്ടു പോകുമെന്നും മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ പറഞ്ഞു. പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണമെന്നും പുരുഷനെ കൊന്നു തള്ളി ഒരു സ്ത്രീയും ഇനി പുറത്തു വിലസണ്ട എന്നും വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ പറഞ്ഞു.

ആളൂരിന്റെ ജൂനിയര്‍ ബബില ഉമര്‍ഖാനെ സംഘടന കേസ് ഏല്‍പ്പിച്ചുവെന്നും ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നാണ് അറിഞ്ഞതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും ഗ്രീഷ്മയ്ക്ക് ശിക്ഷ ലഭിക്കുന്നതുവരെ പോരാടുമെന്നും അദ്ദേഹം വിഡിയോയില്‍ വ്യക്തമാക്കി.

Signature-ad

”ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുത്ത വിധിയില്‍ ആദ്യത്തെ കേസായതുകൊണ്ട് എന്ന് കോടതി പറഞ്ഞിട്ടുണ്ട്. താങ്കളെപോലെയുള്ളവര്‍ അവിടെ ഇരുന്നാല്‍ ആര്‍ക്ക് എന്ത് നീതിയാണ് കിട്ടുക. ആദ്യ കേസായതുകൊണ്ട് ജാമ്യം കൊടുക്കാന്‍ എങ്ങനെ പറ്റും. ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുത്തത് ആദ്യത്തെ കേസ് എന്ന പേരിലാണെങ്കില്‍ വിസ്മയ കേസില്‍ കിരണ്‍ കുമാര്‍ ജയിലില്‍ കിടക്കുന്നതെന്തിന്? അദ്ദേഹത്തിനും ഒരു പശ്ചാത്തലവുമില്ലായിരുന്നു. ഗ്രീഷ്മയെ പുറത്തുകൊണ്ടുവരാന്‍ എന്തിനാണിത്ര വെമ്പല്‍. തുല്യ നീതി നടപ്പാക്കണം. പണത്തിന്റെയും സ്വാധീനത്തിന്റെയും പിന്നില്‍ നീതി മാറി പോകരുത്” -അജിത്ത് കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ സെക്രട്ടറിയേറ്റ് സമരം നടത്തുമെന്നും ജാമ്യത്തില്‍ വിട്ട ജസ്റ്റിസിന്റെയും ഗ്രീഷ്മയുടെയും കോലം കത്തിക്കുമെന്നും വീഡിയോയില്‍ വ്യക്തമാക്കി.

Back to top button
error: