KeralaNEWS

ഒറ്റദിവസം കേരളത്തിലെ മൂന്നു ജില്ലകള്‍ ബോട്ടില്‍ സഞ്ചരിച്ച്‌ കാണാം; ഒപ്പം മീൻ വിഭവങ്ങൾ കൂട്ടി അടിപൊളി ഊണും

കൊച്ചിയിലെ യാത്രകളെക്കുറിച്ച്‌ നമ്മള്‍ ഒരുപാട് പറഞ്ഞിട്ടുണ്ട്. ലോങ് ഡ്രൈവുകള്‍, വെള്ളച്ചാട്ടങ്ങള്‍, കാടുകള്‍ക്കുള്ളിലൂടെയുള്ള വഴികള്‍, ഓഫ് റോഡ് എന്നിങ്ങനെ പലതരം യാത്രാനുഭവങ്ങള്‍.
എന്നാല്‍ ഈ യാത്ര അങ്ങനെയല്ല.. കുട്ടികളെയും കൂട്ടി വാരാന്ത്യത്തില്‍ പോകാൻ പറ്റിയ ഒരു കിടിലൻ യാത്ര. കായല്‍കാഴ്ചകള്‍ കണ്ട്,മടുപ്പിക്കാതെ മണിക്കൂറുകള്‍ ബോട്ടിലിരുന്ന് യാത്ര ചെയ്യാം. ഒന്നു പോയിക്കണ്ടില്ലെങ്കില്‍ വൻ നഷ്ടം എന്നുതന്നെ പറയാവുന്ന ഒരു യാത്ര.
കൊച്ചിയില്‍ ഇന്ന് ഏറ്റവും ഹിറ്റായി മാറിയ യാത്രയെപ്പറ്റിയാണ് പറയുന്നത്.സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരളാ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോര്‍പ്പറേഷൻ ലിമിറ്റഡ് ( KSINC- കെഎസ്‌എൻഐസി ) നടത്തുന്ന കൊച്ചി മറൈൻ ഡ്രൈവ് – കോട്ടയം പാലായ്ക്കരി മത്സ്യഫെഡ് ക്രൂസ് ബോട്ട് യാത്ര. സ്കൂളിന്‍റെ തിരക്കുകളും പഠനവും മറന്ന് ഒരു ദിവസം മുഴുവൻ കുഞ്ഞുങ്ങളെയും പ്ലാൻ ചെയ്യാൻ പറ്റിയ യാത്ര കൂടിയാണിത്.
കേരളത്തിലെ മൂന്നു ജില്ലകള്‍ ബോട്ടില്‍ സഞ്ചരിച്ച്‌ കാണുവാനും ഒടുവില്‍ കോട്ടയം പാലായ്ക്കരി മത്സ്യഫെഡ് ഫിഷ് ഫാമില്‍ എത്തി കിടിലൻ ആക്ടിവിറ്റികളും രുചികരമായ ഊണും മീൻ വറുത്തതും മീൻ കറിയും കൂട്ടി വയറു നിറയെ കഴിക്കാനും ചൂണ്ടയിട്ട് മീൻപിടിക്കാനും കയാക്കിങ് നടത്താനും ഒക്കെ സാധിക്കുന്ന വിധത്തില്‍ ഒരു ഏകദിന യാത്രയാണിത്.
എറണാകുളം ഹൈക്കോടതി ജംങ്ഷനിലെ കെഎഫ്ടി ജെട്ടിയില്‍ നിന്നുള്ള കൊച്ചി മറൈൻ ഡ്രൈവ് – കോട്ടയം പാലായ്ക്കരി മത്സ്യഫെഡ് ബോട്ട് യാത്ര രാവിലെ 10.00 മണിക്ക് തുടങ്ങും. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകള്‍ കണ്ട് കടന്നു പോകുന്ന യാത്രയുടെ ലക്ഷ്യസ്ഥാനം പാലായ്ക്കരി മത്സ്യഫെഡ് ഫിഷ് ഫാം ആണ്. കൊച്ചിൻ ഷിപ്പ് യാര്‍ഡ്, തേവര. ഇടക്കൊച്ചി, അരൂര്‍, പാണാവള്ളി, പെരുമ്ബളം, പൂത്തോട്ട എന്നീ റൂട്ടിലൂടെയാണ് പാലാക്കരിയിലെത്തുന്നത്.
ബോട്ട് യാത്രയുടെ കൗതുകവും രസവും പാലാക്കരിയിലെത്തുമ്ബോള്‍ ആക്ടിവിറ്റികളിലേക്ക് മാറും. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്ന ഇഷ്ടംപോലെ കാര്യങ്ങള്‍ ഇവിടെയുണ്ട്.അതിനു മുൻപായി ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണും ഒരുക്കിയിട്ടുണ്ട്.ഫാമില്‍ നിന്നും അന്ന് പിടിച്ച മീനുപയോഗിച്ച്‌ വെച്ച രുചികരമായ മീൻകറിയും മീൻവറുത്തതും ഐസ്ക്രീമും ആണ് ഉള്ളത്. കൂടുതല്‍ എന്തെങ്കിലും വിഭവങ്ങള്‍ വേണമെങ്കില്‍ അധികം തുക നൽകി വാങ്ങാനും സാധിക്കും.
പെഡല്‍ ബോട്ടുകള്‍, റോ ബോട്ടിങ്, കുട്ടവഞ്ചികള്‍, കയാക്കിങ്, മോട്ടര്‍ ബോട്ട് റൈഡ്, ഫാം ബോട്ടിങ്, കനോയിങ്, എന്നിങ്ങനെ ഇവിടുത്തെ ആക്ടിവിറ്റികളുടെ പട്ടിക നീളുകളാണ്. ചൂണ്ട മേടിച്ച്‌ ഇവിടെയിരുന്ന് മീൻ പിടിക്കാൻ താല്പര്യമുണ്ടെങ്കില്‍ അതും ചെയ്യാം.മോട്ടോര്‍ ബോട്ടില്‍ പോകണമെങ്കില്‍ അധികം നിരക്ക് നല്കി പോകാം. ഇത് കൂടാതെ കുട്ടികള്‍ക്ക് ആസ്വദിക്കാൻ പ്ലേ ഏരിയയും ഉണ്ട്.ഇനി അൽപ്പം  വിശ്രമിക്കാനാണെങ്കില്‍ അതിനും ഇവിടെ സൗകര്യങ്ങളുണ്ട്.
100 പേര്‍ക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിലാണ് യാത്ര.മിഷേല്‍, ക്ലിയോപാട്ര എന്നിങ്ങനെ രണ്ടു ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.80 നോണ്‍ എസി സീറ്റുകളും 20 എസി സീറ്റുകളുമാണ് ലഭ്യമായിട്ടുള്ളത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് നോണ്‍ എസിയില്‍ 999 രൂപയും എസിയില്‍ 1500 രൂപയുമാണ് നിരക്ക്.
കൂടുതല് വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9846 2111 43 എന്ന നമ്ബറില്‍ ബന്ധപ്പെടാം.

Back to top button
error: