ജോയിന്റ് ജനറൽ സെക്രട്ടറിമാരുടെ എണ്ണം നാലിൽ നിന്ന് ഒന്നാക്കി ബിജെപി. പാർട്ടിയുടെ പ്രവർത്തനം ഏകീകരിക്കാൻ ആണ് ഇത് എന്നാണ് ഔദ്യോഗികവൃത്തങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ ആർഎസ്എസിന് മേൽ ബിജെപിയുടെ മേധാവിത്വത്തിനുള്ള ശ്രമമായാണ് ചിലർ ഇതിനെ വ്യാഖ്യാനിക്കുന്നത്.
സാധാരണ ജോയിന്റ് ജനറൽ സെക്രട്ടറിമാർ ആർഎസ്എസ് നോമിനികളാണ്. സംഘടനാ കാര്യങ്ങൾ, സംസ്ഥാനങ്ങളിലെ പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ആർഎസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ എന്നിവയാണ് ഇവരുടെ ധർമ്മം.
അമിത് ഷാ ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ രണ്ട് ജോയിന്റ് ജനറൽ സെക്രട്ടറിമാരാണ് ബിജെപിയ്ക്കുണ്ടായിരുന്നത്.2014 ലെ കാര്യമാണിത്. പിന്നീടത് നാലാക്കി ഉയർത്തി. വി സതീഷ്, സൗധൻ സിംഗ്, ശിവ് പ്രകാശ്, ബി എൽ സന്തോഷ് എന്നിവരായിരുന്നു ആ നാലുപേർ. കഴിഞ്ഞവർഷം ജൂലായിൽ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി സന്തോഷിനെ ഉയർത്തി.
അതിനുശേഷം വ്യാഴാഴ്ച വരെ 3 ജോയിന്റ് ജനറൽ സെക്രട്ടറിമാരാണ് ഉണ്ടായിരുന്നത്. ഇതിൽ സതീഷിനെ സംഘാടക് ചുമതലയിലേയ്ക്ക് മാറ്റി. സിങ്ങിനെ ദേശീയ വൈസ് പ്രസിഡണ്ടും ആക്കി. ഇപ്പോൾ പ്രകാശ് മാത്രമാണ് ജോയിന്റ് ജനറൽ സെക്രട്ടറി പദവിയുള്ളത്.
“സാധാരണ രണ്ട് ജോയിന്റ് ജനറൽ സെക്രട്ടറിമാരാണ് ബിജെപിക്ക് ഉണ്ടാവുക. അമിത് ഷാ അധ്യക്ഷനായപ്പോൾ അത് നാലാക്കി. പക്ഷേ തീരുമാനം എടുക്കലിലും
അത് നടപ്പിലാക്കലിലും ജോയിന്റ് ജനറൽ സെക്രട്ടറിമാരുടെ എണ്ണം കൂടിയത് പ്രശ്നങ്ങളുണ്ടാക്കി. അതുകൊണ്ടാണ് എണ്ണം വെട്ടിക്കുറച്ചത്.”ഒരു മുതിർന്ന ബിജെപി നേതാവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.