FeatureNEWS

അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന്റെ മേന്മകള്‍ 

കുറഞ്ഞ ചെലവില്‍ പോഷകസമ്പുഷ്ടമായ ജന്തുജന്യ മാംസ്യം ലഭിക്കാനുള്ള എളുപ്പവഴിയാണ് അടുക്കളപ്പുറത്തെ കോഴിവളര്‍ത്തല്‍. പ്രായഭേദമെന്യേ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന സംരംഭമാണിത്.
കുറഞ്ഞ മുതല്‍മുടക്ക്, കുറഞ്ഞ സംരക്ഷണച്ചെലവ്, ഭക്ഷ്യാവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കാമെന്നതിനാല്‍ കുറഞ്ഞ തീറ്റച്ചെലവ് എന്നിവയാണ് അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന്റെ മേന്മകള്‍.
വീട്ടിൽ10-12 കോഴികളെ വളര്‍ത്താന്‍ പ്രത്യേകിച്ച് അധ്വാനമൊന്നും ആവശ്യമില്ല.രാത്രി സംരക്ഷണത്തിന് ഒരു കൂട് വേണമെന്ന് മാത്രം. കുറഞ്ഞ ചെലവിലുള്ള കൂടുമതി.പുരയിടത്തില്‍ ഉദ്യാനം, കൃഷി എന്നിവയുള്ളവര്‍ക്ക് നെറ്റ് കെട്ടി കോഴികളുടെ ശല്യം ഒഴിവാക്കാവുന്നതേയുള്ളൂ.
വര്‍ഷം 190-220 മുട്ടതരുന്ന സങ്കരയിനങ്ങളായ ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, ഗ്രാമശ്രീ എന്നിവ സര്‍ക്കാര്‍ ഫാമുകളില്‍ ലഭ്യമാണ്.അഞ്ചു മാസമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങും. മുട്ടയ്ക്ക് തവിട്ടുനിറമായതിനാല്‍ വിപണിയില്‍ നല്ല വിലകിട്ടും. ഉയര്‍ന്ന രോഗപ്രതിരോധ ശേഷി, അടയിരിക്കുന്ന സ്വഭാവം ഇല്ല എന്നിയവയാണ് ഇവയുടെ സവിശേഷതകള്‍. ഒന്നരവര്‍ഷം കഴിഞ്ഞാല്‍ ഇറച്ചിക്കായി വില്‍ക്കുകയും ചെയ്യാം.
കോഴി വളർത്തൽ തീർച്ചയായും ആദായകരമായ ഒരു ബിസിനസ് തന്നെയാണ്.പക്ഷേ ഏതൊരു ബിസിനസിനെയും പോലെ അത്യാവശ്യം കാര്യങ്ങൾ മനസ്സിലാക്കിയിട്ട് വേണം ഈ രംഗത്തേക്ക് കടന്നു വരാൻ എന്നുമാത്രം.
 കോഴിയെ വളർത്താൻ ആഗ്രഹിക്കുന്നവർ വാക്സിനേഷൻ ചെയ്ത കോഴികളെ മാത്രം വാങ്ങുക.അതേപോലെ കൂടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം .വെള്ളപ്പാത്രം , തീറ്റ പാത്രം എന്നിവ  എല്ലാ ദിവസവും  വൃത്തിയാക്കണം പൂപ്പലുള്ള ഭക്ഷണം കൊടുക്കരുത് .ചോറ് അധികമായി കൊടുത്താൽ കോഴിക്ക് നെയ്യ് മുറ്റും.
തീറ്റച്ചെലവ് കുറച്ചാൽ മാത്രമേ കോഴി വളർത്തൽ ലാഭകരമായി കൊണ്ടു പോകാൻ പറ്റുകയുള്ളൂ.എന്നാൽ തീറ്റയുടെ അളവ് കുറയുകയും ചെയ്യരുത്.തീറ്റയുടെ അളവ് കുറഞ്ഞാൽ  മുട്ട  ഉത്പാദനത്തെ ബാധിക്കും.ഒരു കോഴിക്ക് ഒരു ദിവസം ശരാശരി 120 ഗ്രാം ഭക്ഷണം മതി.ഈ ഭക്ഷണത്തിൽ തന്നെ  ഇലകളും ,പുല്ലുകളും ഉൾപ്പെടുത്തണം. മുരിങ്ങയില തുളസിയില ,ചേമ്പില വാഴയില തീറ്റപ്പുൽ തുടങ്ങി എല്ലാ ചെടികളും ഇലകളും കൊടുക്കാം.എന്നാൽ കപ്പയുടെ ഇല നൽകരുത്.
തീറ്റയിലൂടെയും വെള്ളത്തിലൂടെയും കാഷ്ഠം കോഴിയുടെ ഉള്ളിൽ പോകാതെ ശ്രദ്ധിക്കണം .കോഴിക്ക്  എന്തെങ്കിലും അസുഖം വന്നാൽ  കൊടുക്കാനുള്ള മരുന്ന് എപ്പോഴും  കരുതണം. വിറ്റാമിനും കാൽസ്യവും കൂടാതെ സമയാസമയങ്ങളിൽ വിരയുടെ മരുന്നും നൽകണം.
കോഴിത്തീറ്റക്ക് ഭയങ്കര വിലയാണെന്നതിനാൽ ഭക്ഷണത്തിൽ ഇലകൾ,പുല്ലുകൾ ,അരി ,ഗോതമ്പ്, പച്ചക്കറി അരിഞ്ഞ വേസ്റ്റ്,  മീൻ വേസ്റ്റ് ,ഇറച്ചി വേസ്റ്റ് തുടങ്ങിയവ ഉൾപ്പെടുത്തണം.ഇനി വ്യവസായിക അടിസ്ഥാനത്തിലാണ് വളർത്തുന്നതെങ്കിൽ ഓരോ പ്രായത്തിലും കോഴികൾക്ക് കൊടുക്കുന്ന കോഴിത്തീറ്റ കൃത്യമായിരിക്കണം.
രണ്ടുമാസം വരെ സ്റ്റാർട്ടർ തീറ്റ കൊടുക്കണം .രണ്ടു മാസം മുതൽ കോഴി മുട്ടയിടാൻ തുടങ്ങുന്നതുവരെ  ഗ്രോവർ തീറ്റ കൊടുക്കാം. മുട്ടയിടാൻ തുടങ്ങിക്കഴിഞ്ഞാൽ ലെയർ മാഷ് കൊടുക്കണം.
കൂട്ടിൽ ഒരു കോഴിക്ക് ഒന്നര സ്ക്വയർഫീറ്റ് സ്ഥലം ചുരുങ്ങിയത്  ഉണ്ടാകണം.ബയോഗ്യാസ് പ്ലാന്റ് വാങ്ങിയാൽ കോഴിക്കാഷ്ഠം ഉപയോഗിച്ച് വീട്ടിലേക്കാവശ്യമായ ഗ്യാസ് ഉണ്ടാക്കാം .മുട്ട ഉത്പാദനം  കുറഞ്ഞാൽ അവയെ ഇറച്ചി വിലയ്ക്ക് വിറ്റ് ഒഴിവാക്കുന്നതാണ് നല്ലത്.

Back to top button
error: