വരും ദിവസങ്ങളിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ജെഡിഎസ് ന്യൂനപക്ഷ സെൽ നേതാക്കൾ ബംഗളൂരു കുമാരകൃപ ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു. മൈസൂരു, രാമനഗര, തുമക്കുരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിൽ യോഗത്തിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. നിലവിലെ തീരുമാനത്തോട് ചേർന്ന് പ്രവർത്തിക്കേണ്ടതില്ലെന്നാണ് യോഗ തീരുമാനം. മുസ്ലിം നേതാക്കൾ ഉൾപ്പെടെയുള്ളവര് തങ്ങളുടെ രാജിക്കത്ത് കൈമാറി.
മുൻമന്ത്രിയും ജെഡിഎസ് സംസ്ഥാന വർക്കിങ് പ്രസിഡന്റുമായ എൻ എ നബി, സീനിയർ വൈസ് പ്രസിഡന്റുമാരായ സയ്യിദ് ഷഫീയുള്ള ഖാൻ, സയ്യിദ് സമീർ, ഡൽഹി പ്രതിനിധി മൊഹിദ് അൽതാഫ്, യൂത്ത് വിങ് പ്രസിഡന്റ് എൻ എം നൂർ, ന്യൂനപക്ഷ സെൽ പ്രസിഡന്റ് നാസിർ ഹുസൈൻ ഉസ്താദ്, നാസിർ ബാഗ്വാൻ, ജെഡിഎസ് യുവജന ഘടകം സെക്രട്ടറി വിഷ്ണു, പാർട്ടി വക്താവ് മംഗളൂരുവിലെ യു ടി ആയിഷ ഫർസാന, ശിവമോഗ ജില്ലാ ജനറൽ സെക്രട്ടറി എം ശ്രീകാന്ത് തുടങ്ങിയ നേതാക്കൾ ഇതിനകം രാജിവെച്ചു. ബിജെപിക്കൊപ്പമുണ്ടാകില്ലെന്ന് ഹാസൻ എംഎൽഎ സ്വരൂപ് പ്രകാശ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളും എംഎൽഎമാരും പ്രവർത്തകരും രാജി വെക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബിജെപിയുമായി സഖ്യമുണ്ടാക്കിയതിൽ അസംതൃപ്തരായ നേതാക്കളുമായും പ്രവർത്തകരുമായും സി എം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ കൂടിക്കാഴ്ചകൾ നടക്കുന്നുണ്ട്.ഇന്ന് ബംഗളൂരുവിൽ വീണ്ടും യോഗം ചേരുന്നുണ്ട്. ബിജെപി സഖ്യവുമായി സഹകരിക്കേണ്ടതില്ലെന്നാണ് സി എം ഇബ്രാഹിം ഉൾപ്പടെയുള്ള നേതാക്കളുടെ തീരുമാനം.
എച്ച് ഡി കുമാരസ്വാമിയും കുടുംബവും തനിച്ചെടുത്ത തീരുമാനമാണെന്നും സംസ്ഥാന നേതൃത്വത്തിൽ പോലും ഇതേപ്പറ്റി ആലോചന നടത്തിയിട്ടില്ലെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. അധികാരത്തോടുള്ള ആർത്തിയാണ് കുമാരസ്വാമിക്കെന്നും നേതാക്കൾ ആരോപിക്കുന്നു. മതേതരത്വം പറയുകയും ന്യൂനപക്ഷങ്ങളെ കൊലക്ക് കൊടുക്കുകയുമാണ് കുമാരസ്വാമിയും സംഘവുമെന്ന കടുത്ത വിമർശനവും ഉയർന്നിട്ടുണ്ട്.