ശബരിമലയിൽ
ദർശനം നടത്തിയതിന്റെ പേരിൽ സഭയിൽ നിന്നും പുറത്താക്കിയതിൽ അത്ഭുതമില്ലെന്നും പണ്ട് ക്രിസ്തു ദേവന് സംഭവിച്ചതും ഇതുതന്നെയാണെന്നും ഫാദർ മനോജ്.
“ഓരോ സഭയും ഓരോ നിയമാവലിയിലാണ് പ്രവർത്തിക്കുന്നതും നിലനില്ക്കുന്നതും. അതിനെ ലംഘിക്കുന്നവരെ സഭ പുറത്താക്കും.പണ്ട് ക്രിസ്തു ദേവനും സംഭവിച്ചത് അത് തന്നെ.അത് ആവർത്തിക്കുന്നു. അങ്ങനെയേ ഈ പ്രവർത്തിയെ കാണുന്നുള്ളു, ആരോടും പരിഭവമില്ല.” – ഫാ.മനോജ് പറഞ്ഞു.
മണ്ഡല വൃതമെടുത്ത് മല ചവിട്ടി അയ്യപ്പ ദർശനം നടത്തി തത്വമസിയുടെ പൊരുളറിഞ്ഞ വൈദികനാണ് ഫാ.മനോജ്.
“ക്രിസ്ത്യൻ മതത്തിൽ ആരും ഭക്തരെ ക്രിസ്തു എന്ന് വിളിക്കുന്നില്ല, മാലയിട്ട അന്ന് മുതൽ എന്നെ ഹിന്ദുക്കൾ വിളിച്ചിരുന്നത് അയ്യപ്പൻ എന്നായിരുന്നു,ക്രിസ്ത്യൻ വൈദീകൻ ആയിട്ടും എന്നെ ശബരിമലയിൽ മേൽ ശാന്തിയുടെ അടുത്തേക്ക് കൊണ്ടുപോയി ആദരവ് നല്കി. ഇതൊക്കെ ശബരിമല ദർശനത്തിന്റെ മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ്. ദേവസ്വം ബോർഡ് അംഗങ്ങളും, പൊലീസ് ഉഉദ്യോഗസ്ഥരും ഉൾപ്പെടെ നല്കിയ സ്നേഹവും, കരുതലും, ബഹുമാനവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.”-അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം സ്വദേശിയായ ഫാ.മനോജ് തിരുമല മഹാദേവക്ഷേത്രത്തില്‍ നിന്നുമാണ് മാലയണിഞ്ഞത്.ആചാര അനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ച്, നാല്‍പത്തിയൊന്ന് ദിവസത്തെ കഠിന വ്രതം എടുത്താണ് ശബരീശനെ കാണാൻ അദ്ദേഹം എത്തിയത്.സെപ്തംബർ 20-ന് ആയിരുന്നു മലകയറ്റം.