Lead NewsNEWS

ഭൂമി തന്റേത് തന്നെ, ഉടമസ്ഥാവകാശം തെളിയിച്ച ശേഷം ചെമ്മണ്ണൂരിന് നല്‍കും: വസന്ത

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദമായ ഭൂമി തന്റേതു തന്നെയെന്ന് പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത.
മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരം അടയ്ക്കുന്ന ഭൂമിയിലാണ് . കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിച്ച ശേഷം വ്യവസായി ബോബി ചെമ്മണ്ണൂരിന് ഭൂമി നല്‍കുമെന്നും വസന്ത പറഞ്ഞു.

അതേസമയം, വസന്തയുടെ കൈയ്യില്‍ നിന്ന് ഭൂമി പണം കൊടുത്ത് വാങ്ങിയ ബോബി ചെമ്മണ്ണൂരിനോട് സര്‍ക്കാര്‍ നല്‍കിയാലെ ഭൂമി വാങ്ങു എന്ന് മരിച്ച ദമ്പതികളുടെ മക്കള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് വിവാദ ഭൂമി വാങ്ങി നല്‍കാനുളള ബോബിയുടെ നീക്കം പ്രതിസന്ധിയിലായത്. പട്ടയമില്ലാത്ത ഭൂമി നല്‍കി തന്നെ കബിളിപ്പിച്ചതാണെങ്കില്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് പിന്നീട് ബോബി വ്യക്തമാക്കിയിരുന്നു.

Signature-ad

ഇന്നലെ രാവിലെയാണ് വസന്തയുടെ പേരിലുള്ള 4 സെന്റ് സ്ഥലം ബോബി ചെമ്മണ്ണൂര്‍ അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങിയത്. വൈകുന്നേരം സ്ഥലത്തിന്റെ രേഖ രാജന്റെ മക്കള്‍ക്ക് കൈമാറുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം രേഖ കൈമാറാനെത്തിയ ബോബിയോട് തങ്ങളാണ് ഈ ഭൂമിയുടെ അവകാശികളെന്ന് രേഖ നല്‍കേണ്ടത് സര്‍ക്കാരാണെന്നും ചെമ്മണ്ണൂരിന്റെ സത്പ്രവര്‍ത്തിക്ക് നന്ദിയുണ്ടെന്നും രാജന്റെ മക്കള്‍ പറയുകയായിരുന്നു.

വസന്തയില്‍ നിന്നും വാങ്ങിയ സ്ഥലത്ത് കുട്ടികള്‍ക്ക് പുതിയ വീട് വെച്ച് നല്‍കുമെന്നും അതുവരെ കുട്ടികളെ തൃശ്ശൂരിലേക്ക് കൊണ്ടുപോകുമെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അച്ചനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ തന്നെ വീട് വെച്ച് താമസിക്കുവാനാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. കേസിനാസ്പദമായ ഭൂമി വസന്തയുടെ പേരില്‍ തന്നെയാണോയെന്ന് പരിശോധിക്കാന്‍ റവന്യു വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്. ഇതിനിടയിലാണ് ബോബി ചെമ്മണ്ണൂര്‍ വസന്തയുടേതെന്ന് അവകാശപ്പെടുന്ന ഭൂമി കുട്ടികള്‍ക്ക് വേണ്ടി പണം നല്‍കി വാങ്ങിയത്. കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ 10 ലക്ഷം രൂപയും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ 5 ലക്ഷം രൂപയും നല്‍കിയിരുന്നു. ഇതൊടൊപ്പം ധാരാളം സുമനസുകളും കുട്ടികള്‍ക്ക് സഹായവുമായി എത്തിയിരുന്നു.

തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു. രാജന്റെയും അമ്പിളിയുടേയും മരണത്തിനിടയാക്കിയ പരാതിക്കാരി വസന്തയ്ക്ക് ഭൂമിയില്‍ യാതൊരുവിധ അവകാശവുമില്ലെന്നാണ് വിവരാവകാശ രേഖയില്‍ നിന്നും അറിയാന്‍ കഴിയുന്നത്. സര്‍ക്കാര്‍ കോളനികളില്‍ ഒരാള്‍ക്ക് 12 സെന്റ് ഭൂമി നിയമപരമായി പതിച്ചു നല്‍കാന്‍ സാധ്യതയില്ലെന്നിരിക്കെ വസന്തയ്ക്ക് എങ്ങനെ ഇത്രയും ഭൂമി കിട്ടിയെന്ന കാര്യം വലിയ ചോദ്യമായി അവശേഷിക്കുകയാണ്.

Back to top button
error: