ഒട്ടാവ: ഖലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്കു പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോച്ചന്. ഫൈവ് ഐസ് സഖ്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘമാണ് വിവരങ്ങള്‍ കൈമാറിയത്. ഇതിനു പിന്നാലെയായിരുന്നു കനേഡിയന്‍ പാര്‍ലമെന്റില്‍ ജസ്റ്റിന് ട്രൂഡോയുടെ വെളിപ്പെടുത്തലെന്നും യുഎസ് അംബാസഡര്‍ കനേഡിയന്‍ ടെലിവിഷനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഫൈവ് ഐസ് സഖ്യത്തിന്റെ രഹസ്യാന്വേഷണ വിവരങ്ങളാണ് കാനഡ പ്രധാനമന്ത്രിക്കു പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ സഹായകമായത്.’ കനേഡിയന്‍ ടെലിവിഷനു നല്കിയ അഭിമുഖത്തില്‍ യുഎസ് അംബാസഡര്‍ വ്യക്തമാക്കി. അതേസമയം, കൊലപാതകത്തെ പരസ്യമായി അപലപിക്കാന്‍ യുഎസ് ഉള്‍പ്പൈടയുള്ള സഖ്യരാജ്യങ്ങളോട് കാനഡ ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടതായി നേരത്തെ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് ഡേവിഡ് കോച്ചന് പറഞ്ഞതായി കനേഡിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഫൈവ് ഐസ് സഖ്യത്തിലുള്ളത്. സെപ്റ്റംബര്‍ പതിനെട്ടിനാണ് കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ വിഘടനവാദി നേതാവുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞത്. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം ഇന്ത്യകാനഡ ബന്ധം വഷളാക്കിയിരുന്നു. ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളി. സംഭവത്തെ തുടര്‍ന്ന് കനേഡിയന്‍ പൗരന്മാര്ക്കു വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചിരുന്നു.