ഇടുക്കി:കട്ടപ്പന ഗവ. ഐടിഐ കോളേജില്‍നിന്ന് 7.41 ലക്ഷം രൂപയുടെ പഠനസാമഗ്രികള്‍ മോഷ്ടിച്ച് വിറ്റ കേസില്‍ രണ്ട് കെഎസ് യു പ്രവര്‍ത്തകരെയും ആക്രി വ്യാപാരിയെയും റിമാൻഡുചെയ്തു.
ഐടിഐയിലെ കെഎസ്യു പ്രവര്‍ത്തകരായ കൊച്ചുകാമാക്ഷി എംകെ പടി പ്ലാന്തറയ്ക്കല്‍ ആദിത്യൻ(22), എഴുകുംവയല്‍ കുരിശുമൂട് കപ്പലുമാക്കല്‍ അലൻ(19), ഇരട്ടയാറില്‍ ആക്രി വ്യാപാരം നടത്തുന്ന പാറക്കോണത്ത് രാജേന്ദ്രൻ(59) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് എച്ച്പിയുടെ നാല് ത്രീഫേസ് മോട്ടോറുകള്‍, 77 കിലോ വരുന്ന അഞ്ച് ഇരുമ്ബ് ദണ്ഡുകള്, ലെയ്ത്ത് മെഷിനിന്റെ 15 ചക്കുകള്‍, നാല് ഫേസ് പ്ലേറ്റുകള്‍, നാല് ഡ്രൈവിങ് പ്ലേറ്റുകള്‍ തുടങ്ങി 11 യന്ത്രസാമഗ്രികളാണ് ആദിത്യനും അലനും ചേര്‍ന്ന് കോളേജില്‍നിന്ന് മോഷ്ടിച്ച് കടത്തി രാജേന്ദ്രന് വിറ്റത്. കോളേജ് അടച്ച ഓണാവധിക്കാലത്താണ് മോഷണം നടത്തിയത്.
അവധിക്കുശേഷം കോളേജ് തുറന്നപ്പോഴാണ് സാധനങ്ങള്‍ കാണാതായതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി.എസ്ഐ ലിജോ പി മണിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്