IndiaNEWS

റെയിൽവേ പോലീസുകാരിയും മക്കളും ട്രാക്കിൽ മരിച്ചനിലയിൽ, സഹപ്രവർത്തകൻ മറ്റൊരിടത്ത് ജീവനൊടുക്കിയ നിലയിൽ

ചെന്നൈ: റെയില്‍വേ വനിതാ കോണ്‍സ്റ്റബിളിനെയും രണ്ടുമക്കളെയും റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മധുര റെയില്‍വേ സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജയലക്ഷ്മി(35)യെയും രണ്ടുമക്കളെയും മധുരയ്ക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇവരുടെ മരണത്തിന് പിന്നാലെ ജയലക്ഷ്മിയുടെ സുഹൃത്തും ആര്‍.പി.എഫ്. സേനാംഗവുമായ പാണ്ഡ്യനെ(47) മറ്റൊരിടത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കുകഴിയുന്ന ജയലക്ഷ്മിയും പാണ്ഡ്യനും മധുരയില്‍ ജോലിചെയ്യവേ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോലിക്ക് കൃത്യമായി ഹാജരാകാത്തതും ഉന്നതോദ്യോഗസ്ഥര്‍ ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജയലക്ഷ്മിയെ തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനിലേക്കും പാണ്ഡ്യനെ തിരുനെല്‍വേലിയിലേക്കും രണ്ടുദിവസംമുമ്പ് സ്ഥലംമാറ്റിയിരുന്നു. ഇതിൽ മനംനൊന്തയിരുന്നു ആത്മഹത്യ എന്നാണ് സൂചന.
ജയലക്ഷ്മിയും മക്കളും മധുരയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകുന്ന ഇന്റര്‍സിറ്റി തീവണ്ടിക്ക് കുറുകെ ചാടി ജീവനൊടുക്കുകയായിരുന്നു. പാണ്ഡ്യനെ വിരുദുനഗര്‍ സാന്തൂരിലെ ട്രാക്കിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുച്ചെന്തൂരില്‍ നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസിന് കുറുകെ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. പാണ്ഡ്യനു ഭാര്യയും രണ്ടുമക്കളുമുണ്ട്.

Back to top button
error: