കൊച്ചി: കരുവന്നൂർ കേസിൽ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന്റെ പരാതിയിൽ കേസ് എടുക്കുന്നതിൽ പൊലീസിന് ആശയക്കുഴപ്പം. ഇഡി ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ കൊച്ചി പൊലീസ് ഇതുവരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാനോ പരാതിക്കാരൻറെ മൊഴി എടുക്കാനോ തയ്യാറായില്ല. പൊലീസ് കേസ് എടുക്കാത്തതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മർദ്ദനമുണ്ടായെന്നത് സത്യമാണെന്നും പി ആർ അരവിന്ദാക്ഷൻ പറഞ്ഞു.
എ.സി മൊയ്തീനിൻറെ അടുത്ത സുഹൃത്തും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷനാണ് ഇഡി ഉദ്യോഗസ്ഥർ വ്യാജ മൊഴിയുണ്ടാക്കാൻ മർദ്ദിച്ചെന്ന പരാതി നൽകിയത്. സിപിഎം നേതാക്കൾക്കെതിരായ നടപടി കടുപ്പിച്ചതിന് പിറകെയായിരുന്നു പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇഡിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. സിപിഎം ഇഡിക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും കേസ് എടുക്കുന്നതിൽ കൊച്ചി പൊലീസിന് ആശയക്കുഴപ്പമാണ്. പരാതി കിട്ടി അഞ്ച് ദിവസം ആയിട്ടും അരിവിന്ദാക്ഷൻറെ മൊഴി എടുക്കാനോ എഫ്ഐആർ ഇടാനോ പൊലീസ് തയ്യാറായിട്ടില്ല.
കരുവന്നൂർ കേസിലെ അന്വേഷണത്തെ ദുർബലമാക്കാനാണ് സിപിഎം സമ്മർദ്ദമെന്നാണ് ഇഡി നിലപാട്. പരാതി കിട്ടി കേസ് എടുക്കുന്നതിന് മുൻപ് ഇഡി ഓഫീസിലെത്തിയ പൊലീസ് നടപടിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് കടുത്ത എതിർപ്പും അറിയിച്ചിട്ടുണ്ട്. കേസ് എടുത്തില്ലെങ്കിൽ പി.ആർ അരവിന്ദാക്ഷൻ ഉയർത്തിയ പരാതി വ്യാജമാണോ എന്ന് പോലീസിന് വിശദീകരിക്കേണ്ടിയും വരും, ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരൊയ നീക്കം കൂടുതൽ പരിശോധനയ്ക്കും വിശദമായ നിയമോപദേശത്തിനും ശേഷം മതിയെന്നാണ് പൊലീസ് തീരുമാനം.