KeralaNEWS

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സംഭവം; ആര്‍ഷോയ്ക്കതെിരായ പരാതി ഒതുക്കാന്‍ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്കെതിരായ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം. സെക്രട്ടേറിയറ്റിനുള്ളിലെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ ഓഫീസ് ക്യാബിനിലേയ്ക്ക് ആര്‍ഷോ അതിക്രമിച്ച് കയറിയതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. എന്നാല്‍ പരാതി പൊലീസിന് കൈമാറാതെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് സൂചന.

യോഗത്തിന് ശേഷം കാണാമെന്ന് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മുഖേന അശോക് അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെയാണ് ആര്‍ഷോയും ഒപ്പമുണ്ടായിരുന്നയാളും തള്ളിക്കയറിയത്. തുടര്‍ന്ന് അശോകിന്റെ ചേംബറില്‍ പ്രവേശിച്ച ആര്‍ഷോ വനിതാ ഉദ്യോഗസ്ഥരോടക്കം കയര്‍ത്ത് സംസാരിച്ചുവെന്നും ഓണ്‍ലൈന്‍ യോഗം തടസപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അതിക്രമിച്ച് കയറി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇരുന്ന ആര്‍ഷോയും സുഹൃത്തും, കാര്‍ഷിക സര്‍വകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താന്‍ അനുവദിക്കില്ലെന്നും അശോകിനെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഭാവിയില്‍ സന്ദര്‍ശക അനുമതി നല്‍കുകയാണെങ്കില്‍ ആര്‍ഷോയെ നിരീക്ഷിക്കണമെന്നും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഡിനു നായര്‍ സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Signature-ad

സെക്രട്ടേറിയറ്റിലെ സുരക്ഷാ ചുമതലയുള്ള ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയപ്പോഴാണ് ആര്‍ഷോയും സുഹൃത്തും പുറത്തിറങ്ങിയത്. ‘വിളിക്കുന്നേടത്ത് എല്ലാവരെയും വരുത്തും’എന്ന് ആര്‍ഷോ ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, താന്‍ അതിക്രമിച്ച് കയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ആര്‍ഷോ പ്രതികരിച്ചത്. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമായി സംസാരിച്ച ശേഷം മടങ്ങിയെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും ആര്‍ഷോ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: