ന്യൂഡല്‍ഹി: ഭരണഘടനയില്‍നിന്ന് ‘മതേതരത്വം’ വിട്ടുകളഞ്ഞുവെന്ന ആരോപണത്തോട് പ്രതികരിച്ച് ബിജെപി. ഭരണഘടന രൂപീകരിച്ചപ്പോള്‍ ഇങ്ങനെയായിരുന്നുവെന്ന മറുപടിയാണ് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണത്തോട് ബിജെപി നേതാവും പാര്‍ലമെന്ററികാര്യ മന്ത്രിയുമായ പ്രഹ്ലാദ് ജോഷി നല്‍കിയത്.
”ഭരണഘടന രൂപീകരിച്ചപ്പോള്‍ ഇതുപോലെയായിരുന്നു. പിന്നീട് 42 ാം ഭേദഗതിയോടെയാണു മാറ്റം വന്നത്. യഥാര്‍ഥ കോപ്പികള്‍ ഉണ്ട്” പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. പുതിയ പാര്‍ലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്കു വിതരണം ചെയ്ത ഭരണഘടനയുടെ പകര്‍പ്പില്‍നിന്ന് ‘മതേതരത്വം’ ഒഴിവാക്കിയെന്നായിരുന്നു ആരോപണം.
കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം ഉന്നയിച്ചത്. അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലര്‍’ എന്ന ഭാഗമാണ് എടുത്തുമാറ്റിയത്.