തിരുവനന്തപുരം: നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് കെ.എസ്.ആര്.ടി.സി.യുമായി സഹകരിച്ചുകൊണ്ട് നിര്‍ഭയ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നിര്‍ഭയദിനം മുതല്‍ മാര്‍ച്ച് 8 വനിതാദിനം വരെ ഡബിള്‍ ഡക്കര്‍ ബസ് ബ്രാന്റിംഗ് നടത്തി. നിയമസഭാ മന്ദിരത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ബസ് ബ്രാന്റിംഗ് ഫ്ളാഗോഫ് ചെയ്തു.
മിത്രയുടെ സൗജന്യഹെല്പ് ലൈന്‍ നമ്പറായ 181, ഇനിയും നിര്‍ഭയമാര്‍ ഉണ്ടാകാതിരിക്കട്ടെ ഇന്ന് അവര്‍ക്കു തണലേകാം നാളെ അവര്‍ നമുക്ക് തണലേകും, സുരക്ഷിതമായ കുടുംബം, വിദ്യാലയം, തൊഴിലിടം, മൂല്യാധിഷ്ഠിത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ലിംഗഭേദമില്ലാത്ത സമീപനം, ശക്തമായ നിയമ നടപടികള്‍, സാമൂഹിക, മാനസിക പിന്തുണ എന്നീ സന്ദേശങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം എറണാകുളം എന്നീ സ്ഥലങ്ങളില്‍ ഡബിള്‍ ഡെക്കര്‍ ബസുകളിലാണ് ബോധവത്ക്കരണ സന്ദേശങ്ങള്‍ തുടക്കത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇനിയും നിര്‍ഭയമാര്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക പീഡനം, അതിക്രമം, ചൂഷണം തുടങ്ങിയവ തടയുന്നതിന് വേണ്ടി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് നിര്‍ഭയ.
അതിക്രമങ്ങള്‍ തടയുന്നതിന് പ്രതിരോധം, സംരക്ഷണം, നിയമനടത്തിപ്പ്, പുനരധിവാസവും പുനരേകീകരണവും എന്നിങ്ങനെയുള്ള നാലു പ്രധാന മേഖലകളിലെ ഇടപെടലുകളാണ് സ്റ്റേറ്റ് നിര്ഭയസെല് വഴി നടപ്പിലാക്കി വരുന്നത്. വിവിധ ജില്ലകളിലെ 17 നിര്‍ഭയ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകളിലൂടെ പോക്സോ അതീജീവിതരുടെ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, പുനരധിവാസം എന്നിവ സാധ്യമാക്കി വരുന്നു. നിലവില്‍ എല്ലാ ഹോമുകളിലുമായി ആകെ നാനൂറോളം കുട്ടികള്‍ താമസിച്ചുവരുന്നു. ഈ കുട്ടികള്‍ക്ക് കൂടുതലായി ശാസ്ത്രീമായ പരിശീലനം, തൊഴില്‍ പരിശീലനം എന്നിവ നല്കുന്നതിലേക്കായി തൃശൂര്‍ ജില്ലയില്‍ ഒരു മോഡല്‍ഹോം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണണെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന ബീഗം എന്നിവര്‍ പങ്കെടുത്തു.