പത്തനംതിട്ട കൂടല്‍ സ്വദേശി അനീഷ് ആന്റണി (26) ആണ് അറസ്റ്റിലായത്. 1.25 കോടിയുടെ പണയ സ്വര്‍ണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളുമാണ് ഇയാള്‍ മോഷ്ടിച്ചത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
സുധ ഫിനാൻസ് എന്ന സ്വര്‍ണപ്പണയ ഇടപാട് സ്ഥാപനത്തിലാണു മോഷണം നടന്നത്. കഴിഞ്ഞ അഞ്ചിനോ ആറിനോ രാത്രിയാണ് കവര്‍ച്ച നടന്നത്. ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍നിലയിലാണു സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഞായറാഴ്ച അവധിയായതിനാല്‍ തുറന്നിരുന്നില്ല.തിങ്കളാഴ്ചയെത്തിയപ്പോഴാണ് വിവരം അറിയുന്നത്.
താഴത്തെ ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ ശേഷം മുകളിലെ ഷട്ടറിന്റെ താഴും അകത്തെ വാതിലിന്റെ പൂട്ടും കുത്തിത്തുറന്നാണ് അകത്തു കയറിയത്.സ്വര്‍ണാഭരണങ്ങളും പണവും അടങ്ങിയ ലോക്കര്‍ കട്ടര്‍ ഉപയോഗിച്ചു പൊളിക്കുകയായിരുന്നു. സ്ഥാപനത്തിലും കയറിയ പടികളിലും സോപ്പുപൊടി വിതറിയിരുന്നു. പൊലീസ് നായയെ കബളിപ്പിക്കാൻ വേണ്ടിയായിരുന്നു ഈ ശ്രമം. സിസിടിവി ദൃശ്യങ്ങള്‍ രേഖപ്പെടുത്തുന്ന ഡിവിആര്‍ അടക്കം അപഹരിച്ചു തെളിവു നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു.
മോഷണത്തിന്റെ സ്വഭാവത്തില്‍ നിന്നും സ്ഥാപനത്തെ കുറിച്ച് അറിവുള്ളവരാണ് മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമായിരുന്നു. അനുസരിച്ചു അന്വേഷണം മുന്നോട്ടു പോയതോടെയാണ് പ്രതികളെ പിടികൂടാൻ സാധിച്ചിത്. ചങ്ങനാശേരി ഡിവൈഎസ്‌പി എ.കെ.വിശ്വനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.