പ്രധാനമന്ത്രിക്ക് കത്തെഴുതി വെച്ച് യുവകര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഛതര്‍പൂര്‍ ജില്ലയിലെ മുനേന്ദ്ര രാജ്പുത് (35) ആണ് ജീവനൊടുക്കിയത്. ജില്ലയിലെ വൈദ്യുത വിതരണ കമ്പനിയുടെ പീഡനത്തെ തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയതെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തില്‍ തന്റെ ശരീരം സര്‍ക്കാരിന് വിട്ടുകൊടുക്കണമെന്നും എല്ലാ ശരീരഭാഗങ്ങളും വിറ്റ് കുടിശിക അടയ്ക്കണമെന്നും പറയുന്നു.
കോവിഡ് കാലത്ത് 87,000 രൂപയോളം വൈദ്യുതി കുടിശ്ശിക വന്നതിനാല്‍ വിതരണ കമ്പനി മുനേന്ദ്രയുടെ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും ബൈക്കും ജപ്തി ചെയ്തിരുന്നു. ഇടോ തുടര്‍ന്നാണ് കടുത്ത മാനസിക സംഘര്‍ഷത്തിലയിരുന്നു മുനേന്ദ്രയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വമ്പന്‍ ബിസിനസ്സുകാരും രാഷ്ട്രീയക്കാരും കുടിശിക വരുത്തിയാല്‍ തിരിച്ചടവിന് ആവശ്യത്തിന് സമയം നല്‍കുകയും ഒടുവില്‍ എഴുതിത്തളളുകയും ചെയ്യും. എന്നാല്‍ മറിച്ച് ഒരു സാധാരണക്കാരന്‍ ചെറിയ തുക വായ്പയെടുത്താല്‍ എന്തുകൊണ്ടാണ് തിരിച്ചടവ് മുടങ്ങുന്നതെന്ന് ചോദിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. പകരം പൊതുസമൂഹത്തില്‍ അയാളെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും മുനേന്ദ്ര പ്രധാനമന്ത്രിക്ക് എഴുതിയ കുറിപ്പില്‍ പറയുന്നു.
കൃഷി നശിച്ചതിനെ തുടര്‍ന്നാണ് മുനേന്ദ്രയ്ക്ക് വായ്പ അടയ്ക്കാന്‍ സാധിക്കാഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു.