അന്യായ നികുതി ചുമത്തുന്നു; കര്‍ണാടക, തമിഴ്‌നാട് സര്‍വീസുകള്‍ നിര്‍ത്തി കേരളത്തിലെ അന്തര്‍സംസ്ഥാന ബസുകള്‍

കൊച്ചി: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ ഈടാക്കുന്ന അമിതവും അന്യായവുമായി നികുതി ചൂണ്ടിക്കാട്ടിയാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതല്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒന്നും ഈ രണ്ട് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്നാണ് ബസ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്.
ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളെ വലയ്ക്കുന്ന നീക്കമായിരിക്കും ഇതെന്നാണ് വിലയിരുത്തലുകള്‍. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറും ഗതാഗത കമ്മീഷണറും ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കേരളത്തില്‍ നിന്നുള്ള ആഡംബര ബസുകളില്‍ നിന്നാണ് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ അന്യായമായി നികുതി ചുമത്തുന്നത്.
പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് തമിഴ്‌നാട് ഓംനി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരളത്തിലേക്കുള്ള ബസ്സുകളുടെ ശനിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍, പെര്‍മിറ്റ് ലംഘനം നടത്തുന്ന ബസുകള്‍ക്കെതിരേ നടപടി തുടരുമെന്നും കനത്ത പിഴ ഈടാക്കുമെന്നുമാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍നിന്നുള്ള 30-ഓളം ഓംനി ബസുകള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍വെച്ച് പിടിച്ചെടുത്ത് കേരള ഗതാഗത വകുപ്പ് അധികൃതര്‍ 70 ലക്ഷം രൂപയിലേറെ പിഴ ചുമത്തിയതായാണ് തമിഴ്‌നാട് ഓംനി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് കേരളത്തിലേക്കുള്ള 150-ഓളം ബസുകള്‍ വെള്ളിയാഴ്ച രാത്രിതന്നെ ഓട്ടം നിര്‍ത്തുകയായിരുന്നു. ശനിയാഴ്ചയും ബസുകള്‍ സര്‍വീസ് നടത്തിയില്ല. ശബരിമല തീര്‍ഥാടകരും വാരാന്ത്യ അവധിക്ക് നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തവരും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഇതോടെ വലഞ്ഞത്.






