റോഷിയോ മോൻസോ,ആരെ അനുസരിക്കണം? കേരള കോൺഗ്രസിൽ സർവത്ര പ്രതിസന്ധി
നിയമസഭയിൽ എടുക്കേണ്ട നിലപാടിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് -ജോസ് കെ മാണി പക്ഷങ്ങൾ വീണ്ടും ഇടയുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ്, അവിശ്വാസ പ്രമേയം എന്നീ വിഷയങ്ങളിൽ ആണ് ഇപ്പോഴത്തെ തർക്കം. നിർദേശമാണോ വിപ്പാണോ നൽകുക എന്നതാണ് പ്രധാനം. പാർട്ടി നിർദേശം ലംഘിച്ചാൽ പരമാവധി പാർട്ടി നടപടിയെ ഉണ്ടാകൂ. എന്നാൽ വിപ്പ് ലംഘിച്ചാൽ സങ്കീർണമാകും.
ഇപ്പോൾ ജോസ് കെ മാണി വിഭാഗം യു ഡി എഫിൽ നിന്ന് മാറി നിൽക്കുകയാണ്. നിയമസഭയിലും സ്വതന്ത്ര നിലപാട് എന്നാണ് അവർ ആവർത്തിക്കുന്നത്. പി ജെ ജോസഫ് യു ഡി എഫിന് ഒപ്പം തന്നെയാണ്.
കേരള കോൺഗ്രസ് പിളരും മുമ്പ് നിയമസഭാ കക്ഷിയുടെ വിപ്പ് റോഷി അഗസ്റ്റിൻ ആണ്. റോഷി ഇപ്പോൾ ജോസിനൊപ്പം ആണ്. റോഷി വിപ്പ് നൽകുക ആണെങ്കിൽ യു ഡി എഫിന് പ്രതികൂലമോ സ്വതന്ത്ര നിലപാടോ സ്വീകരിക്കണം എന്നാകും. വിപ്പ് നൽകുക ആണെങ്കിൽ ജോസഫ് പക്ഷത്തിനും നൽകും.
എന്നാൽ പാർട്ടി പിളർന്ന ശേഷം ജോസഫ് പക്ഷം തങ്ങളുടെ വിപ്പ് ആക്കിയത് മോൻസ് ജോസഫിനെ ആണ്. മോൻസും വിപ്പ് നൽകിക്കൂടാ എന്നില്ല. 24 ലെ ഉപതെരഞ്ഞെടുപ്പിൽ ഇതിലൊരു പ്രശ്നം ഉണ്ടാകില്ല. എന്നാൽ അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ചാൽ നടപടി നേരിടേണ്ടി വരും. യഥാർത്ഥ പാർട്ടി ആരുടേത് എന്ന തർക്കം നിലനിൽക്കുക ആണ്. അതുകൊണ്ട് ഏതു വിപ്പ് ലംഘിച്ചാൽ ആണ് പ്രശ്‌നം എന്ന് ഇപ്പോൾ പറയാനുമാകില്ല.