റിയാദ്: സൗദി അറേബ്യയിൽ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കി. രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ തായിഫിൽ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലഫ് കേണൽ മാജിദ് ബിൻ മൂസ അവാദ് അൽ ബലാവിയെയും ചീഫ് സർജന്റ് യൂസഫ് ബിൻ റെദ ഹസൻ അൽ അസൂനിയെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
2017ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, ദേശീയ താൽപ്പര്യവും സൈന്യത്തിന്റെ അഭിമാനവും സംരക്ഷിക്കാതിരിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതോടെ വധശിക്ഷ വിധിക്കുകയായിരുന്നെന്നും ഇവർ കുറ്റം സമ്മതിച്ചതായും എസ്പിഎ റിപ്പോർട്ട് ചെയ്തു.