ദില്ലി: സ്‌മാർട്ട് ഫോണിലേക്ക് ഉയർന്ന ബീപ് ശബ്‌ദത്തോടെ ഒരു എമർജൻസി മെസേജ് ലഭിച്ചതിൻറെ ഞെട്ടലിലാണ് പലരും. ഇന്ന് ഉച്ചയ്‌ക്ക് 12.19 ഓടെയായിരുന്നു പലരുടേയും മൊബൈൽ ഫോമിലേക്ക് അപ്രതീക്ഷിത സന്ദേശം എത്തിയത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സർക്കാർ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. എന്താണ് ഇത്തരത്തിലൊരു സന്ദേശം മൊബൈൽ ഫോണുകളിലേക്ക് പറന്നെത്താൻ കാരണം.
വളരെ നിർണായകമായ എർജൻസി അലർട്ട് എന്ന ശീർഷകത്തോടെയാണ് എമർജൻസി മേസേജ് പലരുടെയും ആൻഡ്രോയിഡ് ഫോണിലേക്ക് എത്തിയത്. ‘കേന്ദ്ര സർക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയം സെൽ ബ്രോഡ്‌കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിൾ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവർ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം പരീക്ഷിക്കുന്നതിൻറെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. മുന്നറിയിപ്പുകൾ കൃത്യസമയത്ത് ആളുകളിൽ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ സന്ദേശം’ എന്നും മെസേജിൽ വിശദീകരിക്കുന്നു.
ആൻഡ്രോയ്‌ഡ് ഫോണുകളിൽ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12.17 ഓടെയാണ് ഈ മേസേജ് എത്തിയത്. രാജ്യത്ത് ഭൂകമ്പങ്ങളും സുനാമിയും മിന്നൽ പ്രളയങ്ങളും അടക്കമുള്ള പ്രകൃതിദുരന്തരങ്ങളും മറ്റും ചെറുക്കുന്നതിൻറെ ഭാഗമായി അടിയന്തിര ഘട്ടങ്ങളിൽ മുന്നറിയിപ്പുകളും സന്ദേശങ്ങളും ജനങ്ങളിലെത്തിക്കുന്നതിൻറെ കൃത്യത പരീക്ഷിച്ചറിയാൻ വേണ്ടിയാണ് ഈ മെസേജ് ആൻഡ്രോയ്‌ഡ് ഫോണുകളിലേക്ക് കേന്ദ്ര സർക്കാർ അയച്ചത്. ഇത്തരം മുന്നറിയിപ്പ് മെസേജുകൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പരീക്ഷിച്ചുവരികയാണ്. ഇതാദ്യമായല്ല ഇത്തരത്തിലുള്ള സന്ദേശം മൊബൈൽ ഫോണുകളിലേക്ക് എത്തിയത്. ജൂലൈ 20നും ഓഗസ്റ്റ് 17നും സമാന സന്ദേശം പല ആളുകൾക്കും മൊബൈൽ ഫോണുകൾ വഴി ലഭിച്ചിരുന്നു.